പൊതുയിടങ്ങളില്‍ തുപ്പിയാല്‍ 500 രൂപ പിഴ; തീരുമാനവുമായി നഗരസഭ

single-img
22 January 2020

നഗരസഭ ആയാൽ ഇങ്ങിനെ വേണം. വയനാട് ജില്ലയിലെത്തുന്നവർ സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ പൊതുയിടങ്ങളില്‍ തുപ്പിയാല്‍ പണി കിട്ടും. വേറൊന്നുമല്ല, ഇതിന് 500 രൂപ പിഴയീടാക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. കേരള മുനിസിപ്പല്‍ ആക്ട് 341 അനുസരിച്ചാണ് ഇത്തരത്തിൽ പിഴ ഈടാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്.

തുപ്പുന്നത് മാത്രമല്ല, വഴിയരികിലോ മറ്റു പൊതുയിടങ്ങളിലോ മലമൂത്ര വിസര്‍ജനം ചെയ്താലും 500 രൂപ പിഴയൊടുക്കേണ്ടി വരും. തുപ്പുന്നതിൽ തന്നെ, കാര്‍ക്കിച്ചു തുപ്പുക, മുറുക്കിത്തുപ്പുക എന്നതിന് പുറമെ പൊതുസ്ഥലങ്ങളില്‍ മുഖവും വായും കഴുകുന്നതും പിഴയുടെ പരിധിയില്‍ വരുത്തിയിട്ടുണ്ട്. നഗരത്തിൽ നിലവിൽ മുറുക്കിത്തുപ്പി വൃത്തിക്കേടായ സ്ഥലങ്ങള്‍ നഗരസഭ കഴുകി വൃത്തിയാക്കും.

നഗരം വൃത്തിയാക്കിയ ശേഷം ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും. മുറുക്കാന്‍ നല്‍കുന്ന കടകള്‍ക്ക് നോട്ടീസ് നല്‍കും.കേരളത്തിന്റെ പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നഗരത്തില്‍ കൂടുതലും ഇന്‍സ്റ്റന്റ് മുറുക്കാന്‍ തട്ടുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഉള്ളവരെ നഗരസഭ അധികൃതര്‍ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയായിരിക്കും നോട്ടീസ് നല്‍കുക. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും പിഴചുമത്തല്‍ നടപടികളിലേക്ക് കടക്കുക.