ജേക്കബ് തോമസിനെ എഡിജിപിയായി തരം താഴ്ത്തി സര്‍ക്കാര്‍ നടപടി

single-img
22 January 2020

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ തരം താഴ്ത്തി സര്‍ക്കാര്‍ നടപടി. സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ എഡിജിപി യായാണ് തംരതാഴ്ത്തിയത്. ചട്ടവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാരോപിച്ചാണ് നടപടി. മെയ് 31 ന് വിരമിക്കാനിരിക്കുകയാണ് ജേക്കബ് തോമസ്.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥ രചിച്ച് ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് കേസ് ജേക്കബ് തോമസിനെതിരെ നിലവിലുണ്ട്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച്‌ പുസ്തകം എഴുതിയെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തരം താഴ്ത്തല്‍.സര്‍ക്കാരും ജേക്കബ് തോമസും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലുകളുടെ ഭാഗമായാണ് നടപടിയെന്ന് അരോപണമുണ്ട്‌.

രണ്ടു വര്‍ഷം നീണ്ട സസ്‌പെന്‍ഷന് ശേഷ൦ കേന്ദ്ര അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയുടെ പിന്‍ബലത്തിലാണ് ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഷൊര്‍ണൂര്‍ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് സിഎംഡി ആയാണ് തസ്തിക അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഒരു ഓഫീസിലാണ് ജേക്കബ് തോമസിനെ നിയമിച്ചത്. ടെലിഫോണ്‍, ഔദ്യോഗിക വാഹനം, ഡ്രൈവര്‍, പ്യൂണ്‍, സുരക്ഷ തുടങ്ങിയവ ഒന്നും അനുവദിച്ചില്ല. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികളെ വിമര്‍ച്ചതിനാണ് ജേക്കബ് തോമസിനെ 2017ല്‍
ആദ്യം സസ്‌പെന്‍ഡ് ചെയ്യുന്നതത്.