ഫ്‌ളവേഴ്‌സ് ചാനലിന്റെ ‘കൂടത്തായ്’ സീരിയലിന് ഹൈക്കോടതി സ്റ്റേ

single-img
22 January 2020

കോഴിക്കോട് ജില്ലയിൽ നടന്ന കൂടത്തായ് കൂട്ടകൊലപാതകം അടിസ്ഥാനമാക്കി ഫ്‌ളവേഴ്‌സ് ചാനലിൽ ആരംഭിച്ച കൂടത്തായ് സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ. ഇനിയുള്ള രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. സീരിയലുമായി ബന്ധപ്പെട്ട് കൊലപാതക കേസിലെ മുഖ്യ സാക്ഷിയും പൊന്നാമറ്റം വീടിന്റെ അയല്‍വാസിയുമായ മുഹമ്മദ് ബാബയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

കേസിന്റെ അന്വേഷണം പൂര്‍ത്തിയാവുകയോ വിചാരണ നടക്കുകയോ ചെയ്യുന്നതിന് മുന്‍പ് സിനിമയും സീരിയലും സംപ്രേഷണം ചെയ്താല്‍ കേസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ചാനലിൽ പ്രക്ഷേപണം ആരംഭിച്ചിരിക്കുന്ന സീരിയലുള്‍പ്പെടെ നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

പരമ്പരയിൽ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും കേസിലെ
സാക്ഷികളെപ്പോലും കുറ്റവാളികളെപ്പോലെയാണ് അവതരിപ്പിക്കുന്നത് എന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
മാത്രമല്ല, മുഖ്യപ്രതി ജോളിയുടെയും കൊല്ലപ്പെട്ട റോയ് തോമസിന്റെയും മക്കള്‍ നിലവിൽ മാനസികസമ്മര്‍ദ്ദത്തിലാണെന്നും കച്ചവട താല്പര്യത്തിന് വേണ്ടി സിനിമ നിര്‍മ്മിക്കുമ്പോള്‍ അവരുടെ ജീവിതം നശിപ്പിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു.