മൊഴിയെടുക്കാന്‍ വനിതകളെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാല്‍ നടപടിയെടുക്കും; മുന്നറിയിപ്പുമായി ഡിജിപി

single-img
22 January 2020

തിരുവനന്തപുരം: കേസുകളില്‍ സ്ത്രീകളുടെ മൊഴിരേഖപ്പെടുത്തുന്നതിനുള്ള ചട്ടം നിര്‍ബന്ധമായും പാലിക്കാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തരുതെന്നും അവരുടെ മൊഴി രേഖപ്പെടുത്തുന്നത് സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമപ്രകാരമുളള വ്യവസ്ഥകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി. ചില ഉദ്യോഗസ്ഥര്‍ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ അടിയന്തര ഇടപെടല്‍.

Donate to evartha to support Independent journalism

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുളള കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ സ്ത്രീ അക്കാര്യം അറിയിക്കുന്നപക്ഷം ഒരു വനിതാ പൊലീസ് ഓഫീസര്‍ അത് രേഖപ്പെടുത്തണം. കുറ്റകൃത്യത്തിന് വിധേയയാകുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണം,ആരോഗ്യ പ്രവര്‍ത്തകരുടേയോ വനിതാ സംഘടനകളുടേയോ സഹായവും ഉറപ്പുവരുത്തണം. ശാരീരികമോ മാനസികമോ ആയി വൈകല്യം നേരിടുന്നവരാണെങ്കില്‍ വിവരങ്ങള്‍ അവരുടെവീട്ടില്‍ വച്ചോ അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ചോ രേഖപ്പെടുത്തണം.

നിയമം അനുശാസിക്കുന്ന ഒരാളുടെ സാന്നിധ്യം ഉറപ്പ് വരുത്തുകയും വേണം.വനിതകള്‍ നല്‍കുന്ന മൊഴികള്‍ ഒപ്പിട്ടുവാങ്ങേണ്ട ആവശ്യമില്ല.മൊഴി ഓഡിയോ, വീഡിയോ സങ്കേതങ്ങള്‍ ഉപയോഗിച്ച് റിക്കോര്‍ഡ് ചെയ്യുന്നതിന് തടസമില്ല.ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 161(1) വകുപ്പ് പ്രകാരം ഒരു സ്ത്രീയേയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്താന്‍ പാടില്ലെന്ന് ഡിജിപി നിര്‍ദേശിച്ചു.