പെരിയാറിനെക്കുറിച്ച് തെറ്റായ പ്രചാരണം; മാപ്പ് പറയില്ലെന്ന് രജനി; വിമർശനവുമായി കോൺഗ്രസ്‌

single-img
22 January 2020

തമിഴ്‌നാട്ടിലെ സാമൂഹിക പരിഷ്ക്കര്‍ത്താവ് പെരിയാറിനെക്കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് നടന്‍ രജനികാന്ത് നടത്തുന്നതെന്ന് കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ കെഎസ് അഴഗിരി. വിഷയത്തില്‍ രജനികാന്തിനെ ബിജെപി പിന്തുണച്ചതിന് പിന്നാലെയാണ് പരസ്യവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്.

ഇപ്പോള്‍ പെരിയാറിനെക്കുറിച്ച് നാട്ടില്‍ തെറ്റായ പ്രചാരണം നടത്തുന്ന രജനികാന്ത്, കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വനിയമ ഭേദഗതിയിൽ സംസാരിക്കാത്തത് എന്തുകൊണ്ടെന്ന് കാർത്തി ചിദംബരവും ചോദിച്ചു. അതേസമയം സാമൂഹിക പരിഷ്കർത്താവ് പെരിയാറിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ രജനികാന്തിനെതിരെ തമിഴ്‌നാട്ടിലുടനീളം പ്രതിഷേധം ശക്തമാകുകയാണ്.

പല സ്ഥലങ്ങളിലായി വിവിധ തമിഴ് സംഘടനകൾ രജനികാന്തിന്റെ കോലം കത്തിച്ചു. പക്ഷെ തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രജനി പറയുകയും ചെയ്തു. സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ 1971 ൽ പെരിയാർ നടത്തിയ റാലിയിൽ ശ്രീരാമന്റെയും സീതയുടേയും നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നും ചെരുപ്പുമാല അണിയിച്ചെന്നുമാണ് രജനി പറഞ്ഞിരുന്നത്. ആ സമയം ഈ വാർത്ത അന്ന് നൽകാൻ തുഗ്ലക്ക് പ്രസാധകർ മാത്രമേ ധൈര്യം കാണിച്ചുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. എന്നാല്‍ ഈ പരാമര്‍ശം തെറ്റെന്നും രജനി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പിന്നാലെ വിവിധ തമിഴ് സംഘടനകൾ തെരുവിലിറങ്ങി.