നേപ്പാളില്‍ ടൂറിനുപോയ ഒരു കുടുംബത്തിന്റെ ജീവനെടുത്തത് കാര്‍ബണ്‍ മോണോക്‌സൈഡ്; ഇത്തരം അപകടം ഒഴിവാക്കുന്നത് എങ്ങിനെ?

single-img
21 January 2020

കഴിഞ്ഞ ആഴ്ചയാണ് വെള്ളം ചൂടാക്കുന്ന ഗീസറില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ച് പെണ്‍കുട്ടി ബാത്ത്‌റൂമില്‍ മരിച്ചത്.ഈ അപകടവാര്‍ത്ത വന്ന് ഏതാനുംദിവസം മാത്രം പിന്നിടുമ്പോള്‍ ഇതേരീതിയിലുള്ള അപകടം തന്നെ ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകളുടെയും ജീവനെടുത്ത ദാരുണ വാര്‍ത്ത നമുക്ക് കേള്‍ക്കേണ്ടിവരുന്നത്.

നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ എട്ടു മലയാളികളെയാണ് ഒരു ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 പേരടങ്ങിയ സംഘത്തിൽപ്പെട്ടവരാണ് അടച്ചിട്ട മുറിക്കുള്ളില്‍ ദാരുണമായി മരണപ്പെട്ടത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്പതികളും കുട്ടികളുമാണ് മരിച്ചത്.

ഇവർ ശ്വാസംമുട്ടിയാണ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. ഏന്നാല്‍ അടച്ചിട്ട മുറിയില്‍ ഏറെനേരം റൂം ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചതു കാരണം ഹീറ്ററില്‍നിന്ന് പുറത്തുവരുന്ന കാര്‍ബണ്‍ മോണോക്സൈഡ് വിശവാതകം ശ്വസിച്ചാണ് അപകടം ഉണ്ടായതെന്ന് പിന്നീട് വ്യക്തമായി. എങ്ങിനെയാണ് കാർബൺ മോണോക്‌സൈഡ് അപകടകാരി ആകുന്നതെന്നും. എങ്ങനെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാം എന്നും വിവരിച്ചുകൊണ്ട് സുരേഷ് സി പിള്ള എഴുതിയ ഫെയിസ്ബുക്ക് കുറിപ്പ് വായിക്കാം

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികൾ ആയ എട്ടു വിനോദ സഞ്ചാരികൾ നേപ്പാളിലെ ഹോട്ടൽ മുറിയിൽ മരിച്ച വിവരം വാർത്താ മാധ്യമങ്ങളിൽ വായിച്ചു കാണുമല്ലോ? മരണകാരണം കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്താണ് കാർബൺ മോണോക്‌സൈഡ്? എങ്ങിനെയാണ് കാർബൺ മോണോക്‌സൈഡ് അപകടകാരി ആകുന്നത്. അപകടം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം എന്നതാണ് ഇവിടെ പറയുന്നത്.

എന്താണ് കാർബൺ മോണോക്‌സൈഡ്?

പേര് സൂചിപ്പിക്കുന്ന പോലെ, കാർബണും, ഓക്സിജനും ചേർന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാർബൺ മോണോക്‌സൈഡ് (Carbon monoxide). തന്മാത്രാ ഭാരം 28.01 g/mol ആണ്. കുറഞ്ഞ അളവിൽ പോലും വളരെ മാരകമായ ഒരു വാതകമായതിനാൽ ഇതിനെ പലപ്പോളും ‘നിശബ്ദ കൊലയാളി’ എന്ന് വിളിക്കാറുണ്ട്.

എങ്ങിനെയാണ് കാർബൺ മോണോക്‌സൈഡ് ഉണ്ടാവുന്നത്?

വാതക, ദ്രാവക, ഖര ഇന്ധനങ്ങൾ കത്തുമ്പോൾ താപ-പ്രകാശ ഊർജ്ജം ഉണ്ടാവുന്നു എന്ന് സ്കൂളിൽ പഠിച്ചത് ഓർമ്മിക്കുമല്ലോ? സാധാരണയായി ഓക്സിജന്റെ സാന്നിധ്യത്തിൽ ഇന്ധനം കത്തുമ്പോൾ നടക്കുന്ന കെമിക്കൽ റിയാക്ഷൻ ആണ് ഇവിടെ കൊടുക്കുന്നത് (Fuel + O2 → CO2 + H2O). അതായത് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന കൂടെ കാർബൺ ഡൈഓക്‌സൈഡും, ജല ബാഷ്പവും ഉണ്ടാവും. എന്നാൽ പൂർണ്ണമായ ജ്വലനം നടക്കാത്തപ്പോൾ, അല്ലെങ്കിൽ കത്തൽ പ്രക്രിയ പൂർണ്ണമാകാത്തപ്പോൾ കാർബൺ ഡൈഓക്‌സൈഡ് കൂടാതെ, കാർബൺ മോണോക്‌സൈഡ് (Carbon monoxide) കൂടെ ഉണ്ടാവും. പൂർണ്ണമായ ജ്വലനം നടക്കാത്തതിന് പല കാരണങ്ങൾ ഉണ്ടാവാം. ഉദാഹരണത്തിന്, ഒരു ക്ലോസ്‌ഡ്‌ ആയ സിസ്റ്റത്തിൽ ഉള്ള ഓക്സിജൻ ഭൂരി ഭാഗവും ഉപയോഗിച്ചു കഴിഞ്ഞാൽ ജ്വലനം പൂർണ്ണമാവില്ല, കൂടാതെ കേടു വന്നതും, കാലപ്പഴക്കം ഉള്ളതുമായ ഉപകരണങ്ങളിൽ ജ്വലനം നടക്കുമ്പോളും അപൂർണ്ണമായ ജ്വലനം നടക്കാം.

എങ്ങിനെയാണ് അപകടം ഉണ്ടാവുന്നത്.

ശ്വസന വായുവിന്റെ കൂടെക്കലരുന്ന കാർബൺ മോണോക്‌സൈഡ് രക്തത്തിൽ കലരുകയും, ഓക്സിജന്റെ അഭാവം രക്തത്തിൽ വരികയും ചെയ്യുമ്പോൾ ആണ് മരണകാരണം ആകുന്നത്. എത്ര മാത്രം ഇത് ശ്വാസ വായുവിൽ അടങ്ങി ഇരിക്കുന്നു എന്നത് അനുസരിച്ചാണ് ഇതിന്റെ വിഷം തീരുമാനിക്കപ്പെടുന്നത്. ”sola dosis facit venenum” toxicology യുടെ അടിസ്ഥാന പ്രമാണം ആണിത്. അതായത് “The dose makes the poison” ഡോസ് (മാത്ര/ അകത്തേയ്ക്ക് പോകുന്ന അളവ്) ആണ് ഒരു വസ്തുവിന്റെ വിഷലിപ്തത (toxicity) നിർണ്ണയിക്കുന്നത്. അതായത് അന്തരീക്ഷ വായുവിൽ 35 parts per million (ppm) ൽ താഴെ ആണെങ്കിൽ സാധാരണ പ്രശ്നം ഉണ്ടാകാറില്ല. 400 ppm ൽ തലവേദന, തലചുറ്റൽ ഒക്കെ അനുഭവപ്പെടാം. 3,200 ppm ആകുമ്പോളേക്കും പത്തു മിനിറ്റിനകം അബോധാവസ്ഥയിൽ എത്താം; 12,800 ppm നു മുകളിൽ എത്തിയാൽ അത് ഉടനടി മരണകാരണം ആകും എന്നും പഠനങ്ങൾ പറയുന്നു. എത്ര സമയം ശ്വസിക്കുന്നു എന്നതും അപകടത്തിന്റെ അളവ് കൂട്ടും, 10 ppm CO ക്കു മുകളിൽ അന്തരീക്ഷവായുവിൽ എന്നത് പോലും കൂടുതൽ സമയം ശ്വസിച്ചാൽ അപകടകരം ആകാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. അപകടം ഉണ്ട് എന്ന് ബോധ്യം വന്നാൽ ഉടനെ തന്നെ വൈദ്യ സഹായം നേടണം.

അപകടം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം?

പല തരത്തിലുള്ള കാർബൺ മോണോക്‌സൈഡ് അലാമുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
തണുപ്പുള്ള സ്ഥലങ്ങളിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുമ്പോൾ, റൂമുകളിൽ കാർബൺ മോണോക്‌സൈഡ് അലാമുകൾ ഉണ്ടോ എന്ന് ഫോൺ ചെയ്തോ, ഇമെയിൽ അയച്ചോ ചോദിക്കാം. ഉണ്ടെങ്കിൽ അവയുടെ ബ്രാൻഡ്, ഇപ്പോൾ പ്രവർത്തനക്ഷമമാണോ എന്നും കൂടി അന്വേഷിക്കാം. നിങ്ങൾ ഹോട്ടൽ ഉടമകൾ ആണെങ്കിൽ എല്ലാ ഗസ്റ്റ് റൂമുകളിലും കാർബൺ മോണോക്‌സൈഡ് അലാമുകൾ ഫിറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

നേപ്പാളിലെ ഹോട്ടലിലെ അപകടം: വില്ലൻ കാർബൺ മോണോക്‌സൈഡ് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികൾ ആയ എട്ടു വിനോദ സഞ്ചാരികൾ…

Posted by സുരേഷ് സി പിള്ള on Tuesday, January 21, 2020