അനധികൃത കുടിയേറ്റമെന്നാരോപിച്ച് ബംഗലൂരുവില്‍ പൊളിച്ചു മാറ്റിയത് 200 കുടിലുകള്‍

single-img
21 January 2020

ബംഗലൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്നാരോപിച്ച് ബംഗലൂരുവില്‍ 200 കുടിലുകള്‍ നശിപ്പിച്ചു. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും പൊലീസും ചേര്‍ന്നായിരുന്നു ഈ കിരാത നടപടി. കുടിലുകള്‍ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റ് രേഖകളും കാണിച്ച്‌ തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ താമസക്കാര്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സ്ഥലത്തെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് കുടിലുകള്‍ പൊളിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ അത്തരത്തിലൊരു നിര്‍ദേശത്തെക്കുറിച്ച്‌ തങ്ങള്‍ക്ക് അറിയില്ലെന്നും പൊലിസ് കമ്മിഷനര്‍ അടക്കമുള്ളവര്‍ക്ക് ഇതു സംബന്ധിച്ച്‌ വിവരം ലഭിച്ചിരുന്നില്ലെന്നും സ്‌പെഷ്യല്‍ പൊലിസ് കമ്മീഷനര്‍ ഡി രണ്‍ദീപ് അറിയിച്ചു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി വീട്ടുജോലികളും നിര്‍മാണത്തൊഴിലും എടുത്ത് ജീവിക്കുന്നവരുടെ കുടിലുകളാണ് നശിപ്പിക്കപ്പെട്ടതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. കര്‍ണാടകയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്നും അവര്‍ പറഞ്ഞു.