പ്രൌഢഗംഭീരമായ ചരിത്രവുമായി കൊച്ചിയുടെ സ്വന്തം നൈനമാര്‍: കുടുംബ സംഗമം ഇന്ന് കൊച്ചിയിൽ

single-img
21 January 2020

സാംസ്‌കാരിക പൈതൃകത്തിന്റെ കാര്യത്തില്‍ കൊച്ചി എന്നും മുന്‍പന്തിയിലാണ്. വിവിധ ഭാഷകളും സംസ്‌കാരവും മതേതരകൂട്ടായ്മകളുടെ മാതൃകയുമെല്ലാം ഇവിടെ കാണാം. ഏറെ ചരിത്രം പറയാനുള്ള വിഭാഗമാണ് ഇവിടുത്തെ മുസ്ലീങ്ങളിലെ നൈനമാരെന്ന വിഭാഗം.

പാലിയത്തച്ഛന്റെ വെടിമുറ പട്ടാളത്തിന്റെ സേനാധിപതിയായിരുന്നു കുഞ്ഞാലി നൈന. കൊച്ചിയില്‍ പൊര്‍ച്ചുഗീസുകാരെ തോല്‍പ്പിച്ച മുസല്‍മാന്‍മാര്‍ അടങ്ങിയ സാമൂതിരിയുടെ സേനയില്‍ നിന്ന നാലു യുവാക്കളെ രാജാവിന്റെ അംഗരക്ഷകരായി തെരഞ്ഞെടുത്തു. രാജാവ് അവര്‍ക്ക് കൊച്ചങ്ങാടിയില്‍ പള്ളി പണിയാന്‍ സ്ഥലം നല്‍കി. നൈനാര്‍ എന്ന് സ്ഥാനപ്പേരും നല്‍കി. അതാണ് ലോപിച്ച് നൈനയായത്. മട്ടാഞ്ചേരിയിലെ കൊച്ചങ്ങാടിയില്‍ താമസമാക്കിയിരുന്ന ജോനക മാപ്പിളമാരായ ഇവര്‍ കൊച്ചി രാജ്യത്ത് കടന്നുവന്ന ആദ്യകാല മുസ്ലീംങ്ങളാണ്.

നൈന അസോസിയേഷൻ എന്ന പേരിൽ നൈന കുടുംബത്തിലെ അംഗങ്ങൾ ഇന്ന് കൊച്ചിയിൽ കുടുംബ സംഗമം നടത്തുന്നുണ്ട്. നൈനമാരുടെ ചരിത്രവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന പുസ്തകങ്ങളുടെ പ്രകാശനവും ഈ വേദിയിൽ നടക്കും. നൈനാചരിത്രമുൾപ്പെടെ സമാനതകളില്ലാത്ത വൈവിധ്യം സൂക്ഷിക്കുന്ന ഫോർട്ട്കൊച്ചി– മട്ടാഞ്ചേരി ഭൂപ്രദേശത്തിന്റെ ചരിത്രഗാഥകളുമായി പിറന്ന 2 പുസ്തകങ്ങളുടെ പ്രകാശനം ഇന്നു 4നു മട്ടാഞ്ചേരി ടൗൺഹാളിൽ ഹൈക്കോടതി ജഡ്ജി സി.കെ. അബ്ദുറഹീം നിർവഹിക്കും. സ്റ്റീൽ ഫാബ്രിക്കേഷൻ വെൽഡിങ് കരാറുകരാൻ മൻസൂർ നൈനയാണു ഗ്രന്ഥകാരൻ. ‘നൈനാ ചരിത്രം നൂറ്റാണ്ടുകളിലൂടെ’, ‘കൊച്ചി’ എന്നിവയാണ് ഈ പുസ്തകങ്ങൾ.

സഹോദരീഭർത്താവ് അഷ്റഫ് നൈനയിൽനിന്നു ലഭിച്ച ‘മുഹമ്മദ് അബ്ദുറഹ്മാൻ’ എന്ന പുസ്തകമാണു  മൻസൂറിനു വഴികാട്ടിയായത്. ആലപ്പുഴ വടുതലയിലെ നൈനാകുടുംബത്തിൽനിന്നു ലഭിച്ച അറബി കയ്യെഴുത്തുപ്രതിയും സഹായമായി. തമിഴ്നാട് തൂത്തുക്കുടിക്കടുത്തുള്ള തുറമുഖനഗരമായ കായൽപട്ടണം ഉൾപ്പെടെ നൈനമാരുടെ ചരിത്രരചനയ്ക്കായി മൻസൂർ സഞ്ചരിച്ച സ്ഥലങ്ങളുമേറെ. 13–ാം നൂറ്റാണ്ടിൽ രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായിരുന്ന കായൽപട്ടണമാണ് അറബ് മുസ്‌ലിം കുടിയേറ്റം നടന്ന ആദ്യസ്ഥലം. ആദ്യ പുസ്തകം മൻസൂറിന്റെ

പൊതുവെ സല്‍ക്കാരപ്രിയരായിരുന്നു നൈനമാര്‍. രുചികരമായ പേര്‍ഷ്യന്‍, മുഗള്‍ ഭക്ഷണം അവരുടെ പ്രത്യേകതയായിരുന്നു.ചരിത്രകാരന്മാരും സഞ്ചാരികളും അവരെ രേഖപ്പെടുത്തിയിട്ടുണ്ട്. യെമന്‍ തൊപ്പിയും തുര്‍ക്കി തൊപ്പിയും ധരിച്ചു കൊച്ചിയിലെ തെരുവുകളിലൂടെ പ്രൗഢിയോടെ യാത്ര ചെയ്തിരുന്ന നൈനമാര്‍ അക്കാലത്തെ പ്രധാന കാഴ്ചകളിലൊന്നുതന്നെയായിരുന്നു.

പഴയകാലത്തെ ഭൂവുടമകളും,ധനികരുമായിരുന്നു നൈനമാര്‍. 40 ദിവസം വരെ നീണ്ടു നില്‍ക്കുന്ന വിവാഹചടങ്ങുകളും, ആഘോഷങ്ങളും അവര്‍ക്കുണ്ടായിരുന്നു.

നൈനമാരിലെ സ്ത്രീകളെ പേരിനൊപ്പം താച്ചി എന്നു ചേര്‍ത്താണു വിളിക്കുക. താച്ചിമാര്‍ പൊതുവെ പര്‍ദയല്ല ധരിക്കുക. കാച്ചിമുണ്ടും ഇറക്കവുമുള്ള കുപ്പായവും വലിയ തട്ടവുമുണ്ടാകും. ചിലര്‍ പിന്നീടു സാരിയുടുത്തു തുടങ്ങി. പണ്ടു താച്ചിമാര്‍ സ്വര്‍ണാഭരണങ്ങള്‍കൊണ്ട് ദേഹം അലങ്കരിക്കുമായിരുന്നു. കാതില്‍ അഴിക്കത്തും ജുമുക്കയും കയ്യില്‍ കടകനും നെറ്റിയും മാട്ടിയും അണിഞ്ഞിരുന്നു.

കൊച്ചി രാജകുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ് നൈനമാര്‍. മഹാരാജാക്കന്‍മാരുടെ കിരീടധാരണ ചടങ്ങായ അരിയിട്ടു വാഴിക്കല്‍ ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു അവര്‍.

സൈനുദ്ദീന്‍ നൈന, ബഷീര്‍ നൈന തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുണ്ടായിരുന്നു നൈനമാരില്‍. ജമാല്‍ കൊച്ചങ്ങാടിയുടെ പിതാവ് സൈനുദ്ദീന്‍ നൈന വിവാഹം കഴിഞ്ഞു മൂന്നാം നാള്‍ കോഴിക്കോട്ട് ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു ജയിലില്‍ പോയ വ്യക്തിയാണ്. സ്വാതന്ത്ര്യസമരസേനാനി ഇ. മൊയ്തു മൗലവി ഈ സംഭവം ‘ഓര്‍മകള്‍’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയില്‍ സൈനുദ്ദീന്‍ നൈനയുടെ ധീരതയെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്.

പഴയകാല ചരിത്രത്തിലെ അഭിമാനിക്കാവുന്ന ഓര്‍മ്മകളുമായി ഇന്നും ഇവരുടെ പിന്‍ഗാമികള്‍ ജീവിക്കുന്നു. കൊച്ചിയുടെ സംസ്‌കാരത്തിന്റെ,പാരമ്പര്യത്തിന്റെ, ചരിത്രത്തിന്റെയെല്ലാം പ്രതീകങ്ങളുമായി. പൂര്‍വികരുടെ ഓര്‍മ്മകളുമായി.