മെട്രോ മിക്കി സുഖം പ്രാപിച്ചു; ദത്തുനല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും

single-img
21 January 2020

കൊച്ചി: കൊച്ചിയില്‍ മെട്രോ പാളത്തില്‍ നിന്നു രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി സുഖം പ്രാപിക്കുന്നു. പനമ്പിള്ളി നഗര്‍ മൃഗാശുപത്രിയില്‍ നിരീക്ഷണത്തിലാണ് പൂച്ചക്കുട്ടി. പേടിച്ചതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. അഞ്ചുമാസം പ്രായമുള്ള പൂച്ചക്കുട്ടിക്ക് മെട്രോ മിക്കിയെന്നാണ് SPCA (Society for the Prevention of Cruelty to Animals) പേരിട്ടിരിക്കുന്നത്. ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുട്ടിയാണ് മിക്കി.

മെട്രോ തൂണിനു മുകളില്‍നിന്ന്‌ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.വീഡിയോ കണ്ട് അതിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ നിരവധിപ്പേരാണ് SPCA-യെ സമീപിക്കുന്നതെന്ന് സംഘടനയുടെ എറണാകുളം സെക്രട്ടറി സജീവന്‍ പറഞ്ഞു.

പേവിഷ പ്രതിരോധ കുത്തിവെപ്പും മറ്റു പ്രതിരോധ കുത്തിവെപ്പുകളും നല്‍കിയ ശേഷം ദത്തു നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, പരമാവധി സംരക്ഷണം ഉറപ്പ് നല്‍കുന്നതിന്‍റെ ഭാഗമായി നിരവധി പൂച്ചകളുള്ള ഒരാള്‍ക്ക് മെട്രോ മിക്കിയെ ദത്ത് നല്‍കില്ല.