ദില്ലി പ്രവേശനത്തിന് ചന്ദ്രശേഖര്‍ ആസാദിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി കോടതി

single-img
21 January 2020

ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ദില്ലിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഏര്‍പ്പെടുത്തിയ വിലക്ക് കോടതി നീക്കി. ആസാദിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഒരു ആരോപണവും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി കോടതിയുടെ ഉത്തരവ്. ഒരുമാസത്തേക്കായിരുന്നു അദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

തന്റെ സന്ദര്‍ശനം സംബന്ധിച്ചും പരിപാടികളെ സംബന്ധിച്ചും ഡി.സി.പിക്ക് മുന്‍കൂട്ടി വിവരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സൂചിപ്പിച്ച അതേ വിലാസത്തില്‍ തന്നെയായിരിക്കണം ദി്ല്ലിയിലുള്ള സമയം താമസിക്കേണ്ടത് എന്നും കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ ചികിത്സക്കല്ലാതെ ദില്ലിയിലേക്ക് വരരുതെന്ന് കോടതി ജാമ്യവ്യവസ്ഥയില്‍ ഉത്തരവിട്ടിരുന്നു. ദില്ലിയിലെ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിലടക്കം ഇതോടെ ആസാദിന് പങ്കെടുക്കാം. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണെന്നും അതില്‍ പങ്കെടുക്കുക എന്നത് അവകാശമാണെന്നും കോടതി വ്യക്തമാക്കി. ആസാദ് വെറുപ്പു പടര്‍ത്തുന്ന പ്രസംഗം നടത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ആസാദിന് എതിരായ എഫ്.ഐ.ആറില്‍ ഇക്കാര്യം പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി.