ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യാജ ഫോളോവേഴ്‌സ് ഉള്ളത് മോദിക്ക്:റിപ്പോര്‍ട്ട് പുറത്ത്

single-img
20 January 2020

ദില്ലി: ട്വിറ്ററിലെ വ്യാജ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഒന്നാമന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. മോദിയുടെ ഫോളോവേഴ്‌സില്‍ 60 ശതമാനം ട്വിറ്റര്‍ ഹാന്‍ഡിലുകളും വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. ‘ട്വിപ്ലോമസി’ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.

ട്വിറ്റര്‍ ഓഡിറ്റ് അല്‍ഗോരിതത്തിന്റെ സഹായത്തോടെയാണ് ട്വിപ്ലോമസി പഠനം നടത്തിയത്. ട്വീറ്റുകളുടെ എണ്ണം, ഫോളോവേഴ്സിന്റെ സുഹൃത്തുക്കളുടെ എണ്ണത്തിലുള്ള അനുപാതം തുടങ്ങിയവ പരിഗണിച്ചായിരുന്നു പരിശോധന. നാലു കോടിയോളം ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് മോദിയുടെ ഫോളോവേഴ്‌സ് ആയി ഉള്ളത്. ഇതില്‍ പകുതിയലധികം പേരും വ്യാജമാണെന്ന് ട്വിപ്ലോമസി പറയുന്നു. കൃത്യമായി പറഞ്ഞാല്‍ മോദിയുടെ 40,993,053 ഫോളോവേഴ്‌സില്‍ 24,799,527 പേരും വ്യാജന്മാരാണ്. ബാക്കിയുള്ള 16,191,426 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ മാത്രമാണ് യഥാര്‍ത്ഥ ഐഡികള്‍.

ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ്. മാര്‍പാപ്പയുടെ 59 ശതമാനം ഫോളോവേഴ്‌സും വ്യാജന്മാരാണ്. അതേ സമയം, അദ്ദേഹത്തിന്റെ ആകെ ഫോളോവേഴ്‌സ് 1.6 കോടി മാത്രമാണ്. അഞ്ച് കോടിയോളം ഫോളോവേഴ്‌സുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുടരുന്നവരില്‍ 37 ശതമാനം വ്യാജ അക്കൗണ്ടുകളാണെന്നും ട്വിപ്ലോമസി വ്യക്തമാക്കുന്നു