പ്രായപൂർത്തിയാകാത്ത നാല് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

single-img
19 January 2020

മലപ്പുറം: പ്രായപൂർത്തിയാകാത്ത 4 പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാൽപത്തേഴുവയസുകാരനായ പിതാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരിക്കു സമീപം താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് പോക്സോ (കുട്ടികൾക്കെതിരായ അക്രമം തടയുന്ന നിയമം) കേസിൽ അറസ്റ്റിലായത്.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിലെ പെൺകുട്ടികൾക്കാണ് സ്വന്തം പിതാവിൽ നിന്നും ദുരനുഭവം ഉണ്ടായത്. ജില്ലയിലെ മറ്റൊരു സ്ഥലത്തെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ അവധിക്കു വീട്ടിൽ വരുമ്പോൾ, കുട്ടികളുടെ മാതാവും സഹോദരനും ഇല്ലാത്ത നേരത്ത് പ്രതി മദ്യലഹരിയിൽ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളിൽനിന്നു പരാതിയറിഞ്ഞ സ്കൂൾ അധികൃതർ ശിശു സംരക്ഷണ സമിതിയിൽ അറിയിച്ചു. ഇവരുടെ പരാതിയിലാണ് 4 പോക്സോ കേസുകൾ ചുമത്തി വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടി.മനോഹരനും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐമാരായ എം.കെ.മുരളികൃഷ്ണൻ, ടി.ഗോപാലൻ, എഎസ്ഐ എസ്.ശിവകുമാർ, എസ്‌സിപിഒ എം.ജെറീഷ്, പി.വി.സുനിൽദേവ്, കെ.അൽത്താഫ്, സിപിഒമാരായ സി.ടി.സിന്ധു, ശ്രീനു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.