സൗജന്യ വൈദ്യുതി,ചേരിനിവാസികള്‍ക്ക് വീട്; പ്രകടനപത്രികക്ക് മുമ്പെ ഗ്യാരണ്ടി കാര്‍ഡുമായി ആംആദ്മി

single-img
19 January 2020

ദില്ലി-നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ട് പ്രകടനപത്രികയ്ക്ക് മുന്നോടിയായി വാഗ്ദാനങ്ങളുടെ ലഘുലേഖ പുറത്തിറക്കി ആംആദ്മി പാര്‍ട്ടി. സൗജന്യ വൈദ്യുതി,24 മണിക്കൂര്‍ കുടിവെള്ളം,കുട്ടികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ,യമുനാനദി ശുദ്ധീകരണം,ചേരിനിവാസികള്‍ക്ക് വീട്,വൃത്തിയുള്ള പരിസ്ഥിതി തുടങ്ങി പ്രധാന പത്ത് വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്.

‘കെജിരിവാള്‍ കാ ഗ്യാരണ്ടി കാര്‍ഡ്’ എന്നതാണ് വാഗ്ദാനങ്ങളടങ്ങിയ ലഘുലേഖയുടെ പേര്. ഇത് തങ്ങളുടെ പ്രകടനപത്രിക അല്ലെന്നും അതിന് മുന്നോടിയായുള്ളതാണെന്നും അരവിന്ദ് കെജിരിവാള്‍ അറിയിച്ചു. ദില്ലിയിലെ ജനങ്ങളെ ബാധിക്കുന്ന സാധാരണ പ്രശ്‌നങ്ങളാണ് ഇവ. ഇതൊക്കെ പരിഹരിക്കുമെന്നാണ് കെജിരിവാള്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. തങ്ങളുടെ പ്രകടന പത്രിക ഉടന്‍ വരുമെന്നും അദേഹം വ്യക്തമാക്കി. ഫെബ്രുവരി 11നാണ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്. 2015ല്‍ തെരഞ്ഞൈടുപ്പ് വാഗ്ദാനങ്ങളായ വൈദ്യുതി നിരക്ക് കുറയ്ക്കലും സൗജന്യ ജലവിതരണവുമൊക്കെ സര്‍ക്കാര്‍ പാലിച്ചിരുന്നു. ഇത് ഗുണകരമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.