രാജ്യത്ത് പിടികൂടുന്ന വ്യാജ കറൻസികളിൽ പകുതിയിലധികവും രണ്ടായിരത്തിന്റെ നോട്ടുകളെന്ന് റിപ്പോർട്ട്

single-img
19 January 2020

നോട്ടുനിരോധനത്തിന് ശേഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ രണ്ടായിരത്തിന്റെ നോട്ടുകളുടെ വ്യാജകറൻസികൾ വ്യാപകമെന്ന് റിപ്പോർട്ട്. രാജ്യത്ത് പിടികൂടുന്ന വ്യാജനോട്ടുകളില്‍ പകുതിയിലധികവും അതീവ സുരക്ഷ സംവിധാനങ്ങളോടെ പുറത്തിറക്കിയ രണ്ടായിരം രൂപയുടേതെന്ന കണക്കുകൾ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

നോട്ടുനിരോധനത്തിന് ശേഷം (2017- 18 കാലഘട്ടത്തിൽ) പിടിച്ചെടുത്ത വ്യാജകറൻസികളിൽ 56 ശതമാനവും 2000 രൂപയുടെ നോട്ടുകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പകര്‍ത്താന്‍ കഴിയാത്തത്രയും സുരക്ഷ സംവിധാനങ്ങളോടെയാണ് രണ്ടായിരം രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതെന്ന നോട്ടുനിരോധനകാലത്തെ കേന്ദ്ര സര്‍ക്കാര്‍ വാദം കൂടിയാണ് ഇതോടെ പൊളിയുന്നത്.

2016 നവംബര്‍ 8 നായിരുന്നു  രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ തന്നെ ഇളക്കുന്നതിന് കാരണമായ നോട്ടുനിരോധനം കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണ് നോട്ടുനിരോധനമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍  വാദം. എന്നാല്‍ ഈ വാദത്തെ തള്ളുകയാണ്  കള്ളനോട്ടുകേസുകള്‍ സംബന്ധിച്ചുള്ള ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍.

ഏറ്റവും കൂടുതല്‍  വ്യാജനോട്ടുകള്‍ പിടികൂടിയത് പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ നിന്നാണ്. ഒരുകോടി ഇരുപത്തിമൂന്ന് ലക്ഷം രൂപ മൂല്യം വരുന്ന 28,855 വ്യാജനോട്ടുകളാണ്  ഗുജറാത്തില്‍ നിന്ന് പിടികൂടിയതെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.