കിരീട നേട്ടത്തോടെ മടങ്ങി വരവ് അവിസ്മരണീയമാക്കി സാനിയ മിര്‍സ

single-img
18 January 2020

അമ്മയായി രണ്ട് വർഷങ്ങൾക്ക് ശേഷം ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് അതിഗംഭീരമാക്കി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്ന് നടന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലെ ഡബിള്‍സില്‍ സാനിയ ഉക്രൈനിന്റെ നാദിയ കിച്ചെനോക്കിനൊപ്പം കിരീടം സ്വന്തമാക്കി.

നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്മാരായ ചൈനയുടെ പെങ് ഷുവായ്, സാങ് ഷുവായ് എന്നിവരെയാണ് സാനിയ കിച്ചെനോക്ക് സഖ്യം വാശിയേറിയ പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-4. 33വയസുള്ള സാനിയ 2017 ഒക്ടോബറിലെ ചൈന ഓപ്പണില്‍ കളിച്ചശേഷമാണ് ഹൊബാര്‍ട്ട് ഇന്റര്‍നാഷണിലൂടെ മടങ്ങിയെത്തിയത്.

കഴിഞ്ഞ ദിവസം സ്ലൊവേനിയന്‍ ചെക്ക് ജോഡിയായ തമാറ സിദാന്‍സെക്ക്, മരിയെ ബൗസ്‌ക്കോവ സഖ്യത്തെയാണ് സെമിഫൈനലില്‍ സാനിയ-നാഡിയ സഖ്യം പരാജയപ്പെടുത്തിയത്. അടുത്തുതന്നെ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനൊരുങ്ങുന്ന സാനിയയ്ക്ക് ഹൊബാര്‍ട്ടിലെ ചാമ്പ്യന്‍ഷിപ്പ് ആത്മവിശ്വാസമേകും എന്നാണ് പ്രതീക്ഷിക്കുന്നത്.