ഭരണഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളില്‍ ഗവര്‍ണര്‍മാരും ഭാഗമാകുന്നു: മുഹമ്മദ് യൂസഫ് തരിഗാമി

single-img
18 January 2020

കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 നീക്കം ചെയ്തതിലൂടെ കശ്മീരിലെ ജനതക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി. ഇന്ത്യൻ ഭരണഘടന കുഴിച്ചുമൂടാനുള്ള ശ്രമമായിരുന്നു കേന്ദ്ര സർക്കാരിന്റെ കശ്മീരിലെ നടപടികൾ.

ഭരണഘടനയിൽ നിന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെയും അതിനെത്തുടര്‍ന്നുണ്ടായ നടപടികളിലൂടെയും രാജ്യത്തെ ഫെഡറൽ ഘടന തകർക്കാനുള്ള ആദ്യ ശ്രമമാണ് കശ്മീരിൽ നടന്നത് എന്ന് അദ്ദേഹം ആരോപിച്ചു.

നമ്മുടെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. കേന്ദ്ര സർക്കാർ ഭരണ ഘടനയെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ ഗവർണർമാരും ഭാഗമാകുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചുകൊണ്ട് കേരളത്തിൽ ഇത് കൂടുതൽ പ്രകടമാണെന്നും തരിഗാമി അഭിപ്രായപ്പെട്ടു.

കേരളാ സർക്കാർ പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതടക്കമുള്ള നടപടികളുടെ പേരില്‍ തുടർച്ചയായ വിമർശനങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുഹമ്മദ് യൂസഫ് തരിഗാമിയുടെ പ്രസ്താവന.