പാക് സംഗീത‍ജ്ഞന്‍റെ ഖവാലിയ്ക്ക് ചുവട് വെച്ചു; കഥക് നര്‍ത്തകി മഞ്ജരി ചതുര്‍വേദിയെ തടഞ്ഞ് സംഘാടകര്‍

single-img
18 January 2020

ഉത്തർ പ്രദേശിലെ ലക്നൗവില്‍ പ്രശസ്ത കഥക് നര്‍ത്തകി മഞ്ജരി ചതുര്‍വേദിയുടെ നൃത്തം അരങ്ങേറുന്നതിനിടെ തടസ്സം സൃഷ്ടിച്ച് പരിപാടിയുടെ സംഘാടകര്‍. പാക് ഖവാലി സംഗീത‍ജ്ഞന്‍ നുസ്രത്ത് ഫതേ അലി ഖാന്‍റെ ”ഐസാ ബന്‍‌നാ സവർനാ മുബാറക് തുമേ…” എന്ന ഖവാലിയ്ക്ക് ചുവടുവയ്ക്കുന്നതിനിടെയാണ് മഞ്ജരി ചതുര്‍വേദിയെ സംഘാടകര്‍ തടഞ്ഞത്.’പ്രണയ വര്‍ണ്ണങ്ങള്‍ ‘ എന്ന പേരിലുള്ള സുഫി കഥക് സ്റ്റേജില്‍ നടന്നുകൊണ്ടിരിക്കെ പെട്ടന്ന് പാട്ട് നിലയ്ക്കുകയായിരുന്നു.

ഈ സമയം താന്‍ ആദ്യം കരുതിയത് സാങ്കേതിക തടസ്സമാകുമെന്നാണ്. പക്ഷെ പിന്നീട് മനസ്സിലായി അങ്ങനെയല്ല എന്ന്.യുപി സര്‍ക്കാരിന്‍റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടി ലക്നൗവിലെ കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി അസോസിയേഷന്‍റെ ഇന്ത്യന്‍ റീജ്യണിന്‍റെ കോണ്‍ഫറന്‍സിലായിരുന്നുനടന്നത്.

” പരിപാടിക്കിടെ പെട്ടെന്ന് സംഗീതം നിലച്ചപ്പോള്‍ എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍ ഞാന്‍ സ്റ്റേജില്‍ ഇരിക്കെത്തന്നെ അവര്‍ മറ്റൊരു പരിപാടി അനൗണ്‍സ് ചെയ്തു. ” – മഞ്ജരി ചതുര്‍വേദി പറഞ്ഞു. ഈ സമയം സംഘാടകര്‍ തന്നെ ആദ്യ നിരയിലേക്ക് പാഞ്ഞെത്തുകയും സ്റ്റേജില്‍ ഖവാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആക്രേശിക്കുകയും ചെയ്തുവെന്നും മഞ്ജരി വ്യക്തമാക്കി. ഉടന്‍ മൈക്ക് കൈയിലെടുത്ത മഞ്ജരി ”25 വര്‍ഷത്തെ കലാജീവിതത്തില്‍ 35 ഓളം രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടും എന്‍റെ നൃത്തം ആരെങ്കിലും തടസ്സപ്പെടുത്തുകയോ എന്നെ സ്റ്റേജില്‍ നിന്ന് മാറ്റുകയോ ചെയ്തിട്ടില്ല” എന്ന് പറയുകയുണ്ടായി

എന്നാൽ മതപരമായ പ്രശ്നം കൊണ്ടല്ല പരിപാടി നിര്‍ത്തിയതെന്നും സമയപരിമിതി മൂലമായിരുന്നുവെന്നും രണ്ട് ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചുവെന്നും അവര്‍ പറഞ്ഞു.