കല്‍ബുര്‍ഗി കൊലപാതകം; പ്രധാനപ്രതികളെ പിടിക്കാനായില്ലെന്ന് എസ്‌ഐടി

single-img
18 January 2020

മുംബൈ: കല്‍ബുര്‍ഗി കൊലക്കേസില്‍രണ്ട് പ്രധാന പ്രതികളെയും ഇതുവരെ പിടിക്കാനായില്ലെന്ന് എസ്‌ഐടി സുപ്രിംകോടതിയില്‍.
കേസിലെ അന്വേഷണം പൂര്‍ത്തിയായതായും കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കി.

ഒളിവില്‍ പോയ പ്രധാനപ്രതികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണയ്ക്ക് വേണ്ടി സെഷന്‍സ് കോടതിയിലേക്ക് കൈമാറിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് കേസുള്ളത്. എംഎം കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തീര്‍പ്പാക്കി.
ഹംപി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും എപ്പിഗ്രഫിസ്റ്റുമായ എം എം കല്‍ബുര്‍ഗിയെ 2015 ഓഗസ്റ്റ് 30 ന് കര്‍ണാടകയിലെ ധാര്‍വാഡിലെ കല്യാണ്‍ നഗറിലെ വസതിയില്‍ വെച്ചാണ് ഹിന്ദുത്വ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.1938 ല്‍ ജനിച്ച അദ്ദേഹം പഴയ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരനായിരുന്നു.കൊലപാതകകേസില്‍ സംസ്ഥാന പോലീസ് കാര്യമായി അന്വേഷണങ്ങള്‍ നടത്തിയിട്ടില്ലെന്നും അതിനാല്‍ എന്‍ഐഎയ്ക്കോ സിബിഐയ്ക്കോ ഈകേസ് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് 2017ല്‍ ഉമാദേവി കോടതിയെ സമീപിച്ചത്. തന്റെ ഭര്‍ത്താവ് കല്‍ബുര്‍ഗി, യുക്തിവാദി നരേന്ദ്ര ദബോല്‍ക്കര്‍,ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും ഇത് പ്രത്യേകം അന്വേഷിക്കാന്‍ കേന്ദ്രഏജന്‍സി വേണമെന്നും ഉമാദേവി ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26 നാണ് കല്‍ബര്‍ഗിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം എസ്‌ഐടിക്ക് കൈമാറിയത്. ഗൗരി ലങ്കേഷ് വധവും കല്‍ബുര്‍ഗി വധവും തമ്മില്‍ പൊതുവായ ബന്ധമുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഈകേസുകളുടെ അന്വേഷണം എസ്ഐടി ഏറ്റെടുത്തത്.