പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയവുമായി പഞ്ചാബും കേരളത്തിന്റെ വഴിയേ

single-img
17 January 2020

ചണ്ഡീഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയവുമായി കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാരും. കേരളത്തിനുശേഷം നിയമസഭയിൽ പ്രമേയം പാസാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്.

“പൗരത്വ ഭേദഗതി നിയമം എല്ലാവർക്കും സ്വീകാര്യമാക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി ഞങ്ങൾ കേന്ദ്രത്തിന് ഒരു കരട് അയച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന സെന്‍സസ് മുന്‍കാലങ്ങളില്‍ ചെയ്തിരുന്ന രീതിയില്‍ തന്നെ തുടരും. മുസ്‌ലിം ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ വകഭേദമില്ലാതെ എല്ലാവരെയും അതില്‍ കണക്കാക്കപ്പെടും” നിയമസഭയിൽ പ്രമേയം പാസായതിന് ശേഷം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.

മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം പാര്‍ലമെന്റ് കാര്യ മന്ത്രി ബ്രഹ്മ മോഹിന്ദ്ര ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തെ ആംആദ്മി പിന്തുണച്ചപ്പോള്‍ എതിര്‍പ്പുമായി ബിജെപി രംഗത്തെത്തി.

ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പുതിയ പൗരത്വ നിയമം പഞ്ചാബ് ഉൾപ്പെടെ രാജ്യവ്യാപകമായി വേദനയും സാമൂഹിക അസ്വസ്ഥതകള്‍ക്കും കാരണമായതായി പ്രമേയം അവതരിപ്പിച്ചുകൊണ്ട് മന്ത്രി ബ്രഹ്മ മോഹിന്ദ്ര നിയമസഭയിൽ പറഞ്ഞു.

“നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ ഇന്ത്യയുടെ മതേതര സ്വത്വത്തെ സി‌എ‌എ ലംഘിക്കുന്നുവെന്ന് വ്യക്തമാണ്. അതിനാൽ, ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കുന്നതിന്, പൗരത്വം നൽകുന്നതിന്റെ കാര്യത്തില്‍ മതവിവേചനം ഒഴിവാക്കാൻ സി‌എ‌എ റദ്ദാക്കണമെന്ന് ഇന്ത്യാ സർക്കാരിനോട് അഭ്യർത്ഥിക്കാൻ സഭ തീരുമാനിക്കുന്നു.” പ്രമേയം പറയുന്നു.