രാജ്യത്തെ ഒന്നാം നമ്പർ ടെലികോം സേവനദാതാവായി റിലയൻസ് ജിയോ

single-img
17 January 2020

മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് വരിക്കാരുടെ എണ്ണവും വിപണി വിഹിതവും അനുസരിച്ച് ഇന്ത്യയിലെ ഒന്നാം നമ്പർ ടെലികോം സേവനദാതാവായി മാറി. ജിയോ നവംബറിൽ 5.6 ദശലക്ഷം മൊബൈൽ വരിക്കാരെ ചേർത്ത് മൊത്തം ഉപയോക്താക്കളുടെ എണ്ണം 369.93 ദശലക്ഷമാക്കി ഉയർത്തി.

ഈ നേട്ടത്തിൽ പിന്നിലായത് വരിക്കാരുടെ അടിസ്ഥാനത്തിൽ വോഡഫോൺ ഐഡിയ ലിമിറ്റഡ് ആയിരുന്നു. കഴിഞ്ഞ ദിവസം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നിലവിൽ 1.15 ബില്യൺ ഉപയോക്താക്കളുളള ഇന്ത്യൻ മൊബൈൽ സേവന വിപണിയുടെ 32.04 ശതമാനം ഓഹരി ജിയോയ്ക്ക് ലഭിച്ചു.

ജിയോ ഇന്ത്യൻ വിപണിയിൽ വന്നതോടെ അര ഡസൻ കമ്പനികൾ അടച്ചുപൂട്ടുകയോ വലിയ കമ്പനികൾ ഏറ്റെടുക്കുകയോ ചെയ്തു.പ്രധാന ടെലകോം കമ്പനികളായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസും എയർസെലും പാപ്പരത്തത്തിനായി അപേക്ഷ നൽകിയപ്പോൾ എയർടെൽ ടെലിനോർ ഇന്ത്യയും ടാറ്റയുടെ ഉപഭോക്തൃ മൊബിലിറ്റി ബിസിനസും സ്വന്തമാക്കി.