ഗുജറാത്ത് ഓർമ്മിപ്പിച്ച ബിജെപി മാർച്ചിനെതിരെ നടപടിയില്ല; മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല

single-img
17 January 2020

ബിജെപി പ്രവർത്തകർ കുറ്റ്യാടിയിൽ നടത്തിയ പ്രകോപനപരമായ പ്രകടനത്തിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ വിമുഖത കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി നേതാക്കളോട് മൃദുസമീപനവും പൌരത്വനിയമ ഭേദഗതിയ്ക്കെതിരെ സമരം ചെയ്യുന്നവരോട് കടുത്ത നിലപാടുമാണ് സർക്കാർ സ്വെകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

പത്രസമ്മേളനം

Posted by Ramesh Chennithala on Thursday, January 16, 2020

ജനത്തെ കബളിപ്പിക്കുന്നതില്‍ മോദിയും അമിത് ഷായും കഴിഞ്ഞാല്‍ മൂന്നാമനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പുറമെ നിയമത്തെ എതിര്‍ക്കുമ്പോഴും രഹസ്യമായി നിയമം നടപ്പിലാക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനുള്ള ജനസംഖ്യാരജിസ്റ്റര്‍ നടപ്പിലാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. ഇതിനെതിരെ താന്‍ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ 2019 ഡിസംബറില്‍ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പുറത്തിറക്കിയ ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദുചെയ്തു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കുന്നതിന് മുമ്പ് സെന്‍സസിനൊപ്പം ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കാന്‍ സീക്രട്ട് സെക്ഷനില്‍ നിന്ന് 12-11-2019ല്‍ ഉത്തരവിറങ്ങിയിരുന്നുവെന്ന് ചെന്നിത്തല രേഖകള്‍ ചൂണ്ടിക്കാട്ടി വിശദീകരിച്ചു.