പൗരത്വ ഭേദഗതി നിയമം: കേരളാ സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ല: കാനം രാജേന്ദ്രന്‍

single-img
17 January 2020

പൗരത്വ നിയമത്തിനെതിരായി സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യത്തിന്റെ ഭരണഘടന സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന അവകാശമാണതെന്നും കാനം പറഞ്ഞു. സംസ്ഥാന സർക്കാർ കേന്ദ്ര നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ്റൂള്‍സ് ഓഫ് ബിസിനസ് ചട്ടം കേരളാ സർക്കാർ പാലിക്കാത്തതില്‍ വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ പറഞ്ഞത്. ഗവർണർ മാധ്യമങ്ങളോട് സംസാരിച്ചത് അനുചിതമായി പോയെന്നും സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

ഈ വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ ധിക്കാരം കാണിക്കുകയോ ഇല്ലാത്ത ഒരു കാര്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംസ്ഥാനത്തെ ഒരു സർക്കാർ പ്യൂണിന്റെ അവധി ഉത്തരവ് പോലും ഗവര്‍ണറുടെ പേരിലാണ്. എന്നാൽ അതിന്റെ പേരില്‍ അധികാരം പ്രയോഗിക്കേണ്ടെന്നും കാനം തുറന്നടിച്ചു.