ഗോ ഭക്തരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യരുത്; സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ബീഫ് ഫ്രൈ ചിത്രത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്

single-img
16 January 2020

കേരളാ ടൂറിസം വകുപ്പ് ട്വിറ്ററില്‍ ബീഫ് ഫ്രൈയുടെ ചിത്രം പോസ്റ്റ് ചെയ്ത നടപടി ഗോ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അവരെ ആരോപിച്ച് വിശ്വഹിന്ദു പരിഷത് രംഗത്ത്. കേരളം ബീഫിനെയാണോ ടൂറിസത്തെയാണോ പ്രോത്സാഹിപ്പിക്കുന്നതെന്നും വിഎച്ച്പി ചോദിക്കുന്നു.

‘ ഈ പ്രവൃത്തി ടൂറിസത്തെയാണോ ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത്. കോടിക്കണക്കിനുള്ള ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതല്ലേ ഇത്. ശങ്കരാചാര്യർ ജനിച്ച പുണ്യഭൂമിയില്‍ നിന്നാണോ ഇത്തരമൊരു ട്വീറ്റ് വന്നത്’എന്ന് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തായിരുന്നു ഈ ട്വീറ്റ്. മാത്രമല്ല കേരള ടൂറിസം വകുപ്പിനെ ‘ഉപദേശിക്കണ’മെന്നും അദ്ദേഹം ഇവരോട് ആവശ്യപ്പെട്ടു. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളില്‍ കോടിക്കണക്കിന് പേര്‍ ഗോ ഭക്തരാണെന്നും അവരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യരുതെന്ന് മനസ്സിലാക്കണമെന്നും മറ്റൊരു ട്വീറ്റിലൂടെ വിനോദ് ബന്‍സാല്‍ ആവശ്യപ്പെട്ടു.