ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറക്കൂട്ടം ഇടിഞ്ഞ് വീണ് അപകടം; രണ്ട് പേര്‍ മരിച്ചു

single-img
16 January 2020

കൊല്ലം:ഖനന പ്രവൃത്തികള്‍ക്കിടെ ക്വാറിയില്‍ പാറ ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. കൊല്ലം വയയ്ക്കലിലാണ് സംഭവം. അനിയന്ത്രിത ഖനനം മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വൈകിട്ട് നാലു മണിയോടെയാണ് അപകടം നടന്നത്. മരിച്ചതില്‍ ഒരാള്‍ മലയാളിയും മറ്റൊരാള്‍ അസം സ്വദേശിയുമാണ്. ഹിറ്റാച്ചി ഡ്രൈവര്‍ കുണ്ടറ സ്വദേശി തൗഫീക്കാണ് മരിച്ച മലയാളി. സഹായി നുഹല്‍ നെസ്ര അസം സ്വദേശിയാണ്. കൊട്ടാരക്കര സ്വദേശി അലിയാരുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ക്വാറിയിലാണ് അപകമുണ്ടായത്.

നൂറടിയിലേറെ ഉയരത്തില്‍ നിന്ന് പാറക്കൂട്ടം ഹിറ്റാച്ചിക്ക് മുകളിലേക്ക് അടര്‍ന്നു വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. നിയമ വിധേയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ ഖനനം നടത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുന്‍പ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലും പാറ ഇടഞ്ഞു വീണ് ഹിറ്റാച്ചി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചിരുന്നു.