നിർഭയ കേസ്: മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

single-img
15 January 2020

നിർഭയ കേസിൽ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നൽകിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ഹർജി തള്ളി എങ്കിലും തുടർന്ന് മുകേഷ് സിംഗിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനാണ് ദില്ലി പട്യാല ഹൗസ് കോടതിയുടെ വാറന്റ്.

രാഷ്ട്രപതിയുടെ മുന്നിൽ പ്രതി മുകേഷ് കുമാർ സമർപ്പിച്ചിരിക്കുന്ന ദയാഹർജിയിൽ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ദില്ലി സർക്കാരും പോലീസും, തിഹാർ ജയിലിന്‍റെ അഭിഭാഷകനും വാദത്തിനിടെ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ഈ കേസിൽ വിധി വന്ന് രണ്ട് വർഷം കാത്തിരുന്ന ശേഷമാണ് പ്രതി ദയാഹർജി സമർപ്പിച്ചതെന്നും ഇത്തരം ഒരു കേസിൽ വിധി നടപ്പാക്കുന്നത് നീണ്ട് പോയാൽ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി ഇന്ന് നിരീക്ഷിച്ചു. അതേപോലെതന്നെ പ്രതികൾ പല തവണകളായി ഹർജികൾ സമർപ്പിക്കുന്നത് നിയമത്തിന്‍റെ നടപടി ക്രമത്തെ പരാജയപ്പെടുത്താനാണ് എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാ‌‌ർ മെഹ്തയും കോടതിയിൽ വാദിച്ചു.