കുറ്റ്യാടിയിലെ പ്രകോപന മുദ്രാവാക്യം; ആറ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

single-img
15 January 2020

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിക്കാനുള്ള പ്രകടനത്തിനിടെ പ്രകോപനം നിറഞ്ഞ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹത്തിൽ മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കഴിഞ്ഞ ദിവസം നടന്ന പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടിയിലായിരുന്നു സംഭവം. പരിപാടി തുടങ്ങും മുമ്പ് പ്രദേശത്തെ വ്യാപാരികള്‍ കൂട്ടമായി കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി കൊടിയുമേന്തി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

“ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ”, “ഓര്‍മയില്ലേ ഗുജറാത്ത്” എന്നിങ്ങിനെ അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പോലീസ് സാന്നിധ്യത്തിൽ നടന്ന പ്രകടന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും കേസെടുത്തില്ലെന്ന് ആരോപണമുയര്‍ന്ന പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.