തദ്ദേശ സ്വയംഭരണസ്ഥാപന വാര്‍‍ഡുകളുടെ വിഭജനം; സർക്കാർ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍

single-img
15 January 2020

ഈ വര്‍ഷം കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകള്‍ വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗവർണറുടെ തീരുമാനത്തെ തുടർന്ന് പ്രതിസന്ധിയില്‍. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനവാര്‍‍ഡുകള്‍ 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ഉത്തരവിട്ടു കൊണ്ട് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ രണ്ടാം തവണയും വിസമ്മതിച്ചു.

സർക്കാർ തീരുമാനമായ വാര്‍ഡ് വിഭജനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി. ഈ പരാതിയെ മുൻനിർത്തി ഓര്‍ഡിനന്‍സില്‍ ആദ്യം ഒപ്പിടാതെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ സര്‍ക്കാരിന് ഫയല്‍ മടക്കിയിരുന്നെങ്കിലും വാര്‍ഡ് വിഭജനം സെന്‍സസ് നടപടികളെ ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മറുപടി നല്‍കി സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്ക് ഒപ്പിടാനായി കൈമാറുകയായിരുന്നു.

പക്ഷെ ഈ ഫയല്‍ സര്‍ക്കാര്‍ രാജ്ഭവന് നല്‍കി രണ്ടാഴ്ചയായിട്ടും ഇതുവരേയും ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുകയോ സര്‍ക്കാരിന് തിരികെ നല്‍കുകയോ ചെയ്തിട്ടില്ല. നിലവിൽ യുഡിഎഫ് ഗവര്‍ണറുടെ നടപടിയെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ വിഷയത്തിന് രാഷ്ട്രീയമാനങ്ങളും ഏറെയാണ്. ഈ മാസം അവസാനം നിയമസഭ ചേരാനിരിക്കുമ്പോള്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് സര്‍ക്കാരിലേക്ക് തിരിച്ച് അയക്കാതെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനും സര്‍ക്കാരിന് സാധിക്കില്ല.