കാശ്മീരിൽ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പിയെ പുറത്താക്കണമെന്ന് ജമ്മു കാശ്മീര്‍ പോലീസ്

single-img
15 January 2020

ജമ്മു കാശ്മീർ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ജമ്മു കാശ്മീർ പോലീസ്. ഈ ആവശ്യവുമായി ജമ്മു കാശ്മീർ പോലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി.

ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധങ്ങൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്തിൽ അദ്ദേഹത്തിന് നൽകിയ മെഡലുകൾ തിരിച്ചെടുക്കാനും ശുപാർ‍ശയുണ്ട്. എന്നാൽ ദേവീന്ദർ സിംഗിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടില്ലെന്ന് ജമ്മു കശ്മീ‍ർ ഡിജിപി ദിൽബഗ് സിങ്ങ് വ്യക്തമാക്കി.

നിലവിൽ ഡിഎസ്പി റാങ്കിലുള്ള ദേവീന്ദർ സിംഗിന്റെ ഇനിയുള്ള സ്ഥാനക്കയറ്റത്തിനായുള്ള നടപടികൾ മരവിപ്പിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ഹിസ്ബുൽ ഭീകരർക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രക്കിടെയാണ് ദേവീന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്. ഈ സമയം ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.