ജെഎന്‍യുവിന്‍റെ ഡിഎന്‍എ എക്കാലത്തും രാജ്യവിരുദ്ധം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തി

single-img
15 January 2020

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ ഡിഎന്‍എ എക്കാലത്തും രാജ്യവിരുദ്ധമായിരുന്നെന്നും സർവ്വകലാശാലയെ നവീകരിക്കുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ ചെയ്യണമെന്നും ആര്‍എസ്എസ് സൈദ്ധാന്തികന്‍ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തി. ചെന്നൈയില്‍ നടന്ന ആദ്ദേഹം എഡിറ്റർ ആയ തുഗ്ലക് മാസികയുടെ 50ാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കവെയാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്ഥാപിച്ചതിന്‍റെ പശ്ചാത്തലം തന്നെ ഇന്ത്യ വിരുദ്ധമാണ്. ഇന്ത്യയുടെ മഹാന്മാരെയും പൈതൃകത്തെയും പാരമ്പര്യത്തെയും ആത്മീയതയെയും മൂല്യങ്ങളെയും എതിര്‍ക്കുന്നതിനാണ് സര്‍വകലാശാല സ്ഥാപിച്ചത്. 1969ല്‍ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ ഇന്ദിരഗാന്ധിയെ പിന്തുണച്ചു.

ആ സമയം അവർ ഒറ്റ ആവശ്യമാണ് ഉന്നയിച്ചത്. തങ്ങൾക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ച് തരണമെന്ന്. അപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന നൂര്‍ ഹസനാണ് ജെഎന്‍യുവിന്‍റെ പിറവിക്ക് പിന്നില്‍. എന്നാൽ പിന്നീട് ജെഎന്‍യു കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും 1982ല്‍ രാജ്യത്തിനെതിരെയും തിരിഞ്ഞു.

ആ കാലഘട്ടത്തിൽ പോലീസ് ക്യാമ്പസില്‍ കയറിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു.നിലവിൽ അവിടെ നടക്കുന്ന സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. അടിസ്ഥാനപരമായി ജെഎന്‍യുവിന്‍റെ ഡിഎന്‍എ രാജ്യവിരുദ്ധമാണ്. ആ കാര്യം എല്ലാവര്‍ക്കും അറിയാം. ജെഎന്‍യുവിനെ നവീകരിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ അടച്ചുപൂട്ടണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.