കേരള തീരദേശങ്ങളില്‍ പൊളിച്ചുനീക്കാനുള്ളത് 1800 കെട്ടിടങ്ങള്‍:കേരള സര്‍ക്കാര്‍

single-img
15 January 2020

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശങ്ങളില്‍ 1800 ഓളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ട സ്ഥിതിയിലുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാര്‍. അനധികൃത നിര്‍മാണങ്ങളെ കുറിച്ച് സുപ്രിംകോടതി കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേതുടര്‍ന്നാണ് നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. അനധികൃത നിര്‍മാണങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ തദ്ദേശവകുപ്പ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.മരട് വിഷയത്തില്‍ സുപ്രിംകോടതിയുടെ ഉത്തരവ് എല്ലാ അനധികൃത ഫ്‌ളാറ്റുകള്‍ക്കും ബാധകമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്.

അത്തരം പല കെട്ടിടങ്ങളും പൊളിക്കേണ്ടി വരും. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ഇനി ഇളവ് നല്‍കാനാകില്ലെന്ന് സെപ്തംബറില്‍ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു.
തീരദേശപരിപാലന നിയമത്തില്‍ പിന്നീട് ഭേദഗതി വന്നെങ്കിലും കെട്ടിടനിര്‍മാണ സമയത്ത് നിലവിലുണ്ടായിരുന്ന നിയമമാണ് മരട് ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ ബാധകമായത്. ഭേദഗതിയനുസരിച്ച് നിര്‍മാണാനുമതിയുള്ള മേഖലയിലാണ് ഇപ്പോള്‍ ഈ ഫ്‌ളാറ്റുകള്‍. എന്നാല്‍, ഭേദഗതിയില്‍ പരിസ്ഥിതിവകുപ്പ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും വേണം.