മുസ്‍ലീം പള്ളികളിലെ ബാങ്കു വിളി ഏകീകരിക്കണം; നിർദ്ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍

single-img
14 January 2020

സംസ്ഥാനത്തെ മുസ്‍ലീം പള്ളികളിലെ ബാങ്കു വിളി ഏകീകരിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന നിര്‍ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി. ഒന്നിലധികം പള്ളികളുള്ള സ്ഥലങ്ങളില്‍ ഒരു പള്ളിയില്‍ നിന്നു മാത്രം ഉച്ചഭാഷിണിയിലൂടെ ബാങ്ക് കൊടുത്താല്‍ മതിയെന്ന് വയ്ക്കണമെന്നും രാത്രികളിൽ വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും കാന്തപുരം വിഭാഗം നേതാവ് കൂടിയായ സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.

ഇതേ വിഷയത്തിൽ രണ്ട് വര്‍ഷം മുന്‍പ് മുസ്‍ലീം ലീഗ് സംസ്ഥാന അധ്യക്ഷനും ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. ആളുകൾക്ക് നിസ്‍കാരസമയം അറിയിക്കുന്നതിനാണ് ബാങ്ക് കൊടുക്കുന്നത്. ഒരു സ്ഥലത്തിൽ ഒന്നിലധികം പള്ളികളില്‍ നിന്നും ഒരേസമയം ബാങ്ക് കൊടുക്കുന്നത് പൊതുസമൂഹത്തിന് ബുദ്ധിമുട്ടാക്കും. ഇതുപോലുള്ള സ്ഥലങ്ങളില്‍ ഏതെങ്കിലും ഒരു പള്ളിയില്‍ നിന്നു മാത്രം ബാങ്ക് കൊടുത്താല്‍ മതിയെന്ന് തീരുമാനിക്കുന്നതാണ് ഉചിതം.

ആ സമയം ഏത് പള്ളിയിലാണ് ബാങ്ക് കൊടുക്കേണ്ടത് എന്നു തര്‍ക്കം വന്നാല്‍ ആദ്യം നിര്‍മ്മിച്ച പള്ളിയില്‍ മതിയെന്ന് തീരുമാനമെടുക്കണം. ഈ വിഷയം ഇതര സംഘടന നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. ബാങ്ക് വിളി ഏകീകരിക്കാന്‍ മുസ്ലീം സംഘടനകള്‍ തന്നെ നേതൃത്വം നല്‍കണമെന്നും മതേതരസമൂഹത്തില്‍ ജീവിക്കുന്ന നമ്മള്‍ പൊതുസമൂഹത്തിന്‍റെ താത്പര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും ഫൈസി പറഞ്ഞു.