അമിത ജലപാനം ജന ജീവിതത്തിന് ഭീഷണി; ഓസ്ട്രേലിയയില്‍ 5000 ഒട്ടകങ്ങളെ വെടിവെച്ച് കൊന്നു

single-img
14 January 2020

ഒട്ടകങ്ങൾ അമിതമായി ജലം കുടിക്കുന്നത് ജന ജീവിതത്തിന് ഭീഷണിയായതിനെ തുടർന്ന് 5000 ഒട്ടകങ്ങളെ അധികൃതർ വെടിവച്ചു കൊന്നു. ശക്തമായ കാട്ടുതീ ആളിപ്പടരുന്നതിനിടെയാണ് തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നത്.

കാട്ടുതീ ഉണ്ടായ പിന്നാലെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ വരള്‍ച്ച അതിരൂക്ഷമായതോടെ ഒട്ടകങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്ന് ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിയും സര്‍ക്കാര്‍ നടത്തിയിരുന്നു.

ഒട്ടകങ്ങളുടെ ശല്യം രൂക്ഷമായ വരള്‍ച്ചാ ബാധിത പ്രദേശത്തേക്ക് പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഹെലികോപ്ടറിലെത്തിയാണ് ഒട്ടകങ്ങളെ കൊന്നത്. ഇതോടുകൂടി ഒട്ടക ശല്യത്തിനെതിരേയുള്ള ദൗത്യം ഞായറാഴ്ചയോടെ അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

അധികൃതരുടെ പ്രവൃത്തിക്കെതിരെ മൃഗസംരക്ഷണ പ്രവര്‍ത്തര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്നി യൂണിവേഴ്സ്റ്റി ഗവേഷകര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി രാജ്യത്താകെ വ്യാപിച്ച കാട്ടുതീയില്‍ 480 മില്ല്യന്‍ മൃഗങ്ങളാണ് കൊല്ലപ്പെട്ടത്.