വോട്ടര്‍പട്ടിക 2015ലേത് മതി; ഇലക്ഷന്‍ കമ്മീഷന് സര്‍ക്കാര്‍ പിന്തുണ

single-img
14 January 2020

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിന്റെ പിന്തുണ. കമ്മീഷന്‍ നിലപാട് അന്തിമമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി എ.സി മൊയ്തീനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയാകണം അടിസ്ഥാനമെന്നും ഇല്ലെങ്കില്‍ നിയമ നടപടി പരിഗണനയിലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

നിയമസഭ ,ലോക്സഭ വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലല്ലെന്നാണ് ന്യായീകരണം. വാര്‍ഡ് പുനര്‍ വിഭജനം അടക്കം കടുകട്ടി ജോലികള്‍ കുറഞ്ഞ സമയത്തിനകം തീര്‍ക്കണമെന്നും ഇതിനിടെ വീടുവീടാന്തരം കയറിയിറങ്ങി വോട്ടര്‍ പട്ടിക പുതുക്കുക പ്രായോഗികമല്ലെന്നും കമ്മീഷന്‍ പറഞ്ഞു . ഇതൊക്കെ മറികടന്ന് പട്ടിക പുതുക്കാന്‍ പോയാല്‍ ചെലവ് പത്തുകോടി വേണ്ടിവരുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറയുന്നു. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പട്ടിക ആധാരമാക്കണമെന്ന നിലപാടില്‍ സിപിഐഎമ്മും സര്‍ക്കാരും മലക്കം മറിഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടിനോട് പ്രതിപക്ഷം യോജിക്കുന്നില്ല. കോടതിയെ സമീപിച്ചേക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.2015 ന് ശേഷം 18 വയസ് തികഞ്ഞവര്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടി വരും. ഫെബ്രുവരി 28ന് പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക തയ്യാറാക്കും മുമ്പ് വീണ്ടും രണ്ട് തവണ കൂടി പേര് ചേര്‍ക്കാന്‍ അവസരം നല്‍കുമെന്നാണ് വിവരം.