ജെഎൻയു ആക്രമണം; എബിവിപിക്കാരായ പ്രതികൾ ഒളിവിലാണെന്ന് ഡൽഹി പോലീസ്

single-img
14 January 2020

ജെഎൻയുവില്‍ അധ്യാപകർക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട എബിവിപിക്കാരായ പ്രതികൾ ഒളിവിലെന്ന് ഡല്‍ഹി പോലീസ്. മുഖ്യ പ്രതികളായ കോമൽ ശർമ, രോഹിത്ത് ഷാ, അഖ്ഷത് അവസ്തി, എന്നിവർ ഒളിവിലാണെന്നും അതുകൊണ്ട് തന്നെ ഇവരെ ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് പോലീസിന്‍റെ പ്രതികരണം.

മാത്രമല്ല, നിലവില്‍ ഇവരുടെ ഫോണുകൾ ഓഫാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ക്യാമ്പസില്‍ അക്രമം നടത്താൻ നേതൃത്വം നൽകുകയും ആഹ്വാനം ചെയ്യുകയും അതിനായി സഹായം നൽകുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന വാട്‍സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെയെല്ലാം ഫോണുകൾ പിടിച്ചെടുക്കാൻ ഡല്‍ഹി പോലീസിനോട് ഹൈക്കോടതി ഇന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി പോലീസ് എത്തിയത്.

ജനുവരി അഞ്ചാം തീയതിയായിരുന്നു ജെഎൻയുവിൽ മുഖംമൂടിസംഘം ആക്രമണം അഴിച്ചുവിട്ടത്. ഇതില്‍ മുതിർന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.