റേഷന്‍ കടകളിലേക്കുള്ള അരി ഗുഡ്സ് ട്രെയിനില്‍ നിന്ന് കടത്തി; റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

single-img
14 January 2020

ഒഡീഷയിലെ റേഷന്‍ കടകളിലേക്ക് കൊണ്ടുവന്ന 300ല്‍കൂടുതൽ ചാക്ക് അരി മോഷണം പോയ സംഭവത്തില്‍ നാല് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. റേഷന്‍ കടകളിലേക്ക് ഗുഡ്സ് ട്രെയിനില്‍ ഒഡിഷയിലെ ജാര്‍സുഗുദ ജില്ലയില്‍ എത്തിച്ച അരിച്ചാക്കുകളാണ് മോഷണം പോയത്. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ നിന്നായിരുന്നു മോഷണം.

സംഭവത്തില്‍ ഇതുവരെ നാല് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. റെയിൽവേ പോലീസ് ഇന്‍സ്പെക്ടര്‍ എല്‍ കെ ദാസ്, അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എസ് കെ കുമാര്‍, ഹവീല്‍ദാര്‍മാരായ ആര്‍ വി താക്കൂര്‍, ഡി ബക്സ്ല എന്നിവര്‍ക്കെതിരെയാണ് നടപടി.

ട്രെയിനിൽ നിന്നും 288 അരിച്ചാക്കുകള്‍ ജനുവരി 8നാണ് മോഷണം പോയത്. മോഷണ സംഭവത്തിൽ തുടക്കത്തിൽ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഒഡീഷയിലെ സിവില്‍ സപ്ലെസ് വകുപ്പ് ഗോഡൗണുകളിലേക്ക് എത്തിച്ചതായിരുന്നു അരി.

എന്നാൽ മോഷണ വിവരം പുറത്തറിഞ്ഞതിന് പിന്നാലെ നടത്തിയ തെരച്ചിലില്‍ സ്റ്റേഷന് സമീപമുള്ള ഉപേക്ഷിച്ച നിലയിലുള്ള ഒരു വീട്ടില്‍ നിന്ന് ഇതില്‍ കുറച്ച് ചാക്ക് അരി കണ്ടെത്തിയിരുന്നു. ഇതിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് വ്യക്തമായത്.