അക്രമങ്ങള്‍ സാധാരണമാകുന്നു; കേന്ദ്ര സര്‍ക്കാര്‍ അഴിച്ച് വിട്ടിരിക്കുന്നത് അടിച്ചമര്‍ത്തലിന്റെ ഭരണം: സോണിയ ഗാന്ധി

single-img
13 January 2020

രാജ്യമാകെ അടിച്ചമര്‍ത്തലിന്റെ ഭരണമാണ് കേന്ദ്രസര്‍ക്കാര്‍ അഴിച്ചുട്ടിരിക്കുന്നത് എന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുകയും വര്‍ഗീയത പറഞ്ഞ് ജനങ്ങളെ ദിന്നിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രക്ഷോഭം രാജ്യമൊട്ടാകെ വ്യാപിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചുകൂട്ടി സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. രാജ്യമാകെ ഇതിന് മുന്‍പ് കാണാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അക്രമങ്ങള്‍ എന്നത് സാധാരണമായിട്ടും ഇത് പരിഹരിക്കുന്നതിന് വേണ്ട ഒരു നടപടിയും സ്വീകരിക്കാതെ, പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുകയാണ് ഇരുവരും.

ജനങ്ങളുടെ [പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നത് കാഴ്ചക്കാരെപ്പോലെ നോക്കിനില്‍ക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഇവിടെ ജനങ്ങളുടെ പിന്തുണയോടെ യുവാക്കള്‍ നടത്തുന്ന ദേശവ്യാപക പ്രക്ഷോഭമാണ് സംഭവിക്കുന്നത്. ഇപ്പോള്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററുമാണ് ഇവരുടെ പെട്ടെന്നുളള പ്രതിഷേധത്തിന് കാരണമെങ്കിലും നീണ്ടകാലം നിലനിന്നിരുന്ന ദേഷ്യവും പിരുമുറക്കവുമാണ് ഇതിലൂടെ പുറത്തേയ്ക്ക് ഒഴുകുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഭരിക്കാനുളള കഴിവില്ലായ്മ ഓരോദിവസവും തുറന്നുക്കാട്ടിയാണ് മോദി-ഷാ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യത്തിന്റെ
ഭരണഘടന അപകടത്തിലാണ്. ഭയത്തോടെയാണ് വിവിധ സര്‍വകലാശാലകളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന അക്രമസംഭവങ്ങളെ രാജ്യം ഉറ്റുനോക്കിയതെന്നും സോണിയ ഗാന്ധി പറഞ്ഞു.