ഒരുമിച്ച് നിന്നുള്ള പോരാട്ടത്തിന്‍റെ മഹത്വം മനസിലാക്കാത്ത ചില ചെറിയ മനസുകളുണ്ട്; മുല്ലപ്പള്ളിക്കെതിരെ മുഖ്യമന്ത്രി

single-img
13 January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ സംയുക്ത പ്രതിഷേധത്തിൽ ഭിന്നസ്വരം ഉയർത്തിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ഭരണ – പ്രതിപക്ഷം കേരളത്തിൽ ഒരുമിച്ചുനിന്ന് പ്രതിഷേധം നടത്തി രാജ്യത്തിന് മാതൃകയായി. പക്ഷെ കൂട്ടായ്മക്ക് തടസമായി ഒന്നിച്ച് നിന്നുള്ള പോരാട്ടത്തിന്‍റെ മഹത്വം മനസ്സിലാക്കാത്ത ചില ചെറിയ മനസ്സുകൾ ഉണ്ടെന്നും അവരെ പേരെടുത്ത് പറയുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

സിപിഎം സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ ബഹുജന റാലി തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. പരിപാടിയിൽ സംസ്ഥാനത്തെ എൽഡിഎഫ് നേതാക്കളും ന്യൂനപക്ഷ മതപണ്ഡിതരും നേതാക്കളും പങ്കെടുത്തു.

കഴിഞ്ഞ നാളുകളിൽ പൗരത്വ നിയമത്തിനെതിരെ സർക്കാരുമായി ചേർന്നുള്ള പ്രതിപക്ഷത്തിന്‍റെ സംയുക്ത സമരത്തെ എതിർത്തതിന് പിന്നാലെ നിയമസഭാ പാസ്സാക്കിയ പ്രമേയത്തിന്‍റെ സാധുത മുല്ലപ്പള്ളി തുടർച്ചയായി ചോദ്യംചെയ്തിരുന്നു.