കൂടത്തായി കൊലപാതക പരമ്പര സിനിമയും സീരിയലുമാക്കാം; കോടതിയുടെ സ്റ്റേ ഇല്ല

single-img
13 January 2020

കോഴിക്കോട് ജില്ലയിൽ നടന്ന കൂടത്തായി കൊലപാതക പരമ്പരയെ പ്രമേയമാക്കി ഒരുക്കാനുള്ള സിനിമക്കും സീരിയലിനും സ്റ്റേയില്ല. ഈ വിഷയത്തിൽ തുടർന്ന് ഈ മാസം 25ന് ഹാജരാകാൻ താമരശ്ശേരി കോടതി എതിർകക്ഷികളായ ജോളി, ആൻറണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേർക്ക് നോട്ടീസ് നൽകി. അതേസമയം തനിക്ക് പലതും പറയാനുണ്ടെന്നും അത് പിന്നീട് പറയുമെന്നും കേസിലെ മുഖ്യപ്രതി ജോളി പറഞ്ഞു.

കേസിലെ മുഖ്യ പ്രതിയായ ജോളിക്ക് വേണ്ടി ആളൂർ അസോസിയേറ്റ്സിലെ അഭിഭാഷകൻ നോട്ടീസ് കൈപറ്റി.
കൊല്ലപ്പെട്ടവരിൽ ഒരാളായ റോയി തോമസിന്റെ സഹോദരി രഞ്ജി തോമസും റോയി തോമസിന്റെ മക്കളും നൽകിയ പരാതിയിലാണ് എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയത്.

കൂടത്തായി കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കി ചിത്രീകരിക്കുന്ന സിനിമയും സീരിയലും തങ്ങളെ മാനസികമായി പ്രയാസപ്പെടുത്തുമെന്ന് ചൂണ്ടി കാട്ടിയാണ് റോയി തോമസിന്റെ മക്കൾ കോടതിയിൽ പരാതി നൽകിയത്.കൂടത്തായി പരമ്പരകളിൽ 6 കേസുകളില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബാക്കിയുള്ള കേസുകളില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. സാഹചര്യം ഇതായിരിക്കെ കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും വരുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന ഭയവും കുടുംബാംഗങ്ങള്‍ക്കുണ്ട്.