ബൈക്ക് റേസിനെ ചൊല്ലിയുള്ള തര്‍ക്കം എത്തിയത് വര്‍ഗീയ ലഹളയില്‍; തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു

single-img
13 January 2020

രണ്ടു വിഭാഗങ്ങൾ തമ്മിൽ വര്‍ഗ്ഗീയ സംഘർഷം ഉണ്ടായതിനെ തുടര്‍ന്ന് തെലങ്കാനയിലെ അദിലാബാദ്‌, ആസിഫാബാദ്, മഞ്ചേരിയൽ എന്നീ മൂന്ന് ജില്ലകളില്‍ ഇന്‍റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ ഭയീന്‍സയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടിയെന്ന് തെലങ്കാന പോലീസ് അറിയിച്ചു. മുൻപ് പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ ജില്ലാ പൊലീസ് മേധാവിയടക്കം 11 പേര്‍ക്ക് പരിക്കേറ്റിയിരുന്നു. ബൈക്കുകളിലെ സൈലന്‍സര്‍ ഊരിവച്ച് ഒരുസംഘം ആളുകൾ ബൈക്ക് റേസ് നടത്തിയിരുന്നു

ഇതിനെ ചിലര്‍ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് സംസ്ഥാനത്തെ വലിയ മൂന്ന് ജില്ലകളെ ബാധിക്കുന്ന തരത്തിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് തിരിഞ്ഞത്. ഇവർ തമ്മിലുള്ള സംഘര്‍ഷത്തിനിടെ വഴിയില്‍ പാര്‍ക്ക് ചെയ്ത പല വാഹനങ്ങളും കത്തിക്കുകയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു.

സംഘർഷം അറിയാതെ രാത്രിയില്‍ ഉറങ്ങി കിടന്ന പലരും കല്ലേറും ബഹളവും കാരണം എഴുന്നേറ്റു നോക്കിയപ്പോള്‍ ആണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപുറപ്പെട്ട വിവരം അറിഞ്ഞത്. ആക്രമണങ്ങൾ രൂക്ഷമായതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. ജില്ലയിലെ പോലീസുദ്യോഗസ്ഥര്‍ കലാപം നിയന്ത്രിക്കാനായി സ്ഥലത്ത് എത്തിയെങ്കിലും ഇവര്‍ക്ക് നേരേയും രൂക്ഷമായ കല്ലേറുണ്ടായി. ഈ ആക്രമണത്തിലാണ് ജില്ലാ പോലീസ് മേധാവിയടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്.നിലവിൽ ആശങ്കയ്ക്ക് വകയില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.