സുപ്രീംകോടതി വിധി പൂര്‍ത്തിയാക്കി; ഗോള്‍ഡന്‍ കായലോരവും നിലംപതിച്ചു

single-img
12 January 2020

എറണാകുളം ജില്ലയിലെ മരടിൽ തീരദശ പരിപാലന നിയമം ലംഘിച്ച് പണിതുയര്‍ത്തിയ നാല് ഫ്ളാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 നായിരുന്നു കൃത്യം നടന്നത്. ഇതോടെ സംസ്ഥാനത്തെയും രാജ്യത്തെയും ആകാംക്ഷയില്‍ നിര്‍ത്തിയ, രണ്ട് ദിവസമായി നടന്ന പൊളിക്കല്‍ ദൗത്യമായ ‘മരട് മിഷന്‍’ പൂര്‍ത്തിയായി. 17 നിലകള്‍ ഉണ്ടായിരുന്ന ഗോള്‍ഡന്‍ കായലോരം കെട്ടിടത്തില്‍ 40 അപ്പാര്‍ട്ടുമെന്റുകളാണ് ഉണ്ടായിരുന്നത്.

പൊളിക്കല്‍ പ്രവൃത്തിമൂലം സമീപത്തുണ്ടായിരുന്ന അംഗന്‍വാടിക്ക് യാതൊരു കേടുപാടും സംഭവിച്ചില്ല. മാത്രമല്ല, ഇതുവരെ പൊളിച്ചതില്‍ ഏറ്റവും ചെറിയ ഫ്‌ളാറ്റായിരുന്നതിനാല്‍ കെട്ടിടം തകര്‍ക്കാന്‍ വളരെ കുറച്ച് 14.8 കിലോ സ്‌ഫോടക വസ്തുക്കള്‍ മാത്രമായിരുന്നു ഉപയോഗിച്ചത്. ഉച്ചയ്ക്ക്ഒന്നരക്ക് ആദ്യ സൈറൺ മുഴക്കി പ്രോട്ടോക്കോൾ അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയാക്കി.

ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് സ്ഫോടനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങൾ അവസാനവട്ടം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി 1.56 നാണ് ആദ്യ സൈറൺ മുഴങ്ങിയത്. തുടര്‍ന്ന്പൊലീസും അധികൃതരും എല്ലാം ചേര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ നൂറ് മീറ്റര്‍ മാറി ബ്ലാസ്റ്റ് ഷെഡിലേക്ക് വിദഗ്ധരെത്തി.