പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് പീഡനം അനുഭവിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കാന്‍: പ്രധാനമന്ത്രി

single-img
12 January 2020

കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് വ്യക്തികള്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കുന്നതിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വിഭജന സമയത്ത് പാകിസ്താനില്‍ അകപ്പെട്ടു പോയവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം നല്‍കാന്‍ ഇതുവഴി സഹായിക്കുമെന്നും പശ്ചിമ ബംഗാളിലെ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

മുന്‍കാലങ്ങളില്‍ തന്നെ ഗാന്ധിജി ഉള്‍പ്പെടെ പല നേതാക്കളും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കണമെന്ന അഭിപ്രായക്കാരായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഈ നിയമത്തിലൂടെ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് ഉത്തരം കാണാന്‍ ശ്രമിക്കുകയാണ് എന്നും മോദി കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാളില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയതായിരുന്നു നരേന്ദ്ര മോദി.