ഏത് പൗരന്റെ പൗരത്വമാണ് എടുത്തു കളയുകയെന്ന് കാണിച്ചു തരണം; രാഹുലിനെയും മമതയെയും വെല്ലുവിളിച്ച് അമിത് ഷാ

single-img
12 January 2020

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ആരുടെയെങ്കിലും പൗരത്വം എടുത്തു കളയുന്നതാണ് എങ്കില്‍ രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും അത് തെളിയിച്ച് കാണിച്ചുതരണമെന്നാണ് അമിത് ഷാ വെല്ലുവിളിച്ചത്.

‘ഞാന്‍ രാഹുല്‍ ഗാന്ധിയെയും മമത ബാനര്‍ജിയെയും വെല്ലുവിളിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തെ ഏതു പൗരന്റെ പൗരത്വമാണ് എടുത്തു കളയുകയെന്ന് കാണിച്ചു തരണം,’ മധ്യപ്രദേശിലെ ജബല്‍പുരില്‍ വെച്ചു നടന്ന ഒരു പൊതു ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

‘അയല്‍ രാജ്യമായ പാകിസ്ഥാനിലെ അടിച്ചമര്‍ത്തപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതുവരെ നമുക്ക് വെറുതെയിരിക്കാനാവില്ല. ഈ രാജ്യത്ത് എനിക്കും നിങ്ങള്‍ക്കുമുള്ളതു പോലെതന്നെയുള്ള അവകാശം പാകിസ്ഥാനിലെ അഭയാര്‍ത്ഥികളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബുദ്ധിസ്റ്റുകള്‍ക്കും സിക്കുകാര്‍ക്കുമുണ്ട്,’ അമിത്ഷാ പറഞ്ഞു.