വിമാനത്തിന് നേര്‍ക്കുള്ള ആക്രമണം: ഇറാന്‍ മാപ്പ് പറയണം, നഷ്ടപരിഹാരം നല്‍കണം: ഉക്രൈന്‍ പ്രസിഡന്റ്

single-img
11 January 2020

യാത്രക്കാർ ഉൾപ്പെടെ 176 പേരുടെ മരണത്തിനിടയാക്കിയ ഉക്രൈന്‍ വിമാനത്തിന്റെ നേരെയുള്ള ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധവുമായി ഉക്രൈന്‍ പ്രസിഡന്റ് വോലോദിമര്‍ സെലന്‍സ്‌കി. ആക്രമണം നടത്തിയതിൽ ഇറാന്‍ നിരുപാധികം മാപ്പു പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും സെലന്‍സ്‌കി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

‘വിമാനത്തിന്റെ നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഇറാന്‍ തുറന്ന അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതോടൊപ്പം തന്നെ മൃതദേഹങ്ങള്‍ തിരിച്ചെത്തിക്കുകയും നഷ്ടപരിഹാരം നല്‍കുകയും വേണം. ഇറാന്‍ ഔദ്യോഗികമായി മാപ്പു പറയുകയും വേണം,’ സെലന്‍സ്‌കി എഴുതി.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് തെഹ്‌രാനില്‍ വെച്ച് ഇറാന്‍ വ്യോമാക്രമണത്തില്‍ ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നു വീഴുന്നത്. ഇത് സംഭവിച്ച ഉടന്‍തന്നെ ഇറാനാണ് ആക്രമണം നടത്തിയതെന്ന് യുഎസും കാനഡയും ആരോപിച്ചിരുന്നെങ്കിലും ഇറാന്‍ ആദ്യ ഘട്ടത്തില്‍ ഇത് നിഷേധിക്കുകായും പിന്നീട് കുറ്റസമ്മതം നടത്തുകയും ചെയ്യുകയായിരുന്നു.