പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്നത് മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍: സോണിയാ ഗാന്ധി

single-img
11 January 2020

കേന്ദ്ര സര്‍ക്കാര്‍ മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ന് നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലായിരുന്നു സോണിയാ ഗാന്ധി നിയമത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

“പൗരത്വ നിയമ ഭേദഗതി വളരെയധികം വിവേചനപരവും ഭിന്നിപ്പിക്കുന്നതുമാണ്. ഈ നിയമത്തില്‍ ഒളിച്ചിരിക്കുന്ന കുടില ലക്ഷ്യം ഓരോ ദേശസ്‌നേഹിക്കും മതേതരനായ ഇന്ത്യക്കാരനും അറിയാം. ഇന്ത്യയിലെ ആയിരക്കണക്കിന് വരുന്ന ചെറുപ്പക്കാരും സ്ത്രീകളും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളും നിയമം നടപ്പാക്കിയാലുണ്ടാകുന്ന ഗുരുതര പ്രത്യാഘാതത്തെ കുറിച്ച് മനസ്സിലാക്കി കഴിഞ്ഞു” – സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്. യുപി, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ പോലീസ് ഭരിക്കുന്ന സംസ്ഥാനങ്ങളായി മാറുകയാണ്. യുപിയിലെ മിക്കവാറും നഗരങ്ങളിലും, ജാമിയ മിലിയയിലും, ജെഎന്‍യുവിലും, ബനാറസ് ഹിന്ദു സര്‍വകലാശാലയിലും അലഹാബാദ് സര്‍വകലാശാലയിലും ഡല്‍ഹി സര്‍വകലാശാലയിലും ഗുജറാത്ത് സര്‍വകലാശാലയിലും ബെഗംളുരുവിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുമെല്ലാം ഉണ്ടായ പോലീസ് അതിക്രമങ്ങള്‍ വളരെ ഞെട്ടിക്കുന്നതാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഇതുവരെ രാജ്യവ്യാപകമായി പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി ഉന്നതാധികാര സമിതിയെ നിയമിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിഷേധിച്ച പേരില്‍ ആക്രമിക്കപ്പെട്ട ആളുകള്‍ക്ക് നീതി ലഭിക്കണം’. അതേപോലെ തന്നെ എന്‍ആര്‍സിയുടെ മറ്റൊരു രൂപമാണ് എന്‍പിആറെന്നും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.