ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍

single-img
11 January 2020

വ്യാപകമായി ശക്തമായ പ്രതിഷേധം പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി കൊല്‍ക്കത്തയിലെത്തി. സംസ്ഥാനത്തിൽ മോദിയെ കാലുകുത്താൻ സമ്മതിക്കാതെ തടയാനുള്ള ഇടത് സംഘടകളടക്കമുള്ളവയുടെ ആഹ്വാന പ്രകാരം വ്യാപക പ്രതിഷേധം നടക്കുന്നതിനാൽ കനത്ത സുരക്ഷയിലാണ് മോദി എയര്‍പ്പോര്‍ട്ടിന് പുറത്തെത്തിയത്.

പ്രധാനമന്ത്രിയെ കൊല്‍ക്കത്തയില്‍ കാലുകുത്തിക്കില്ലെന്ന മുദ്രാവാക്യവുമായി എയര്‍പ്പോര്‍ട്ടിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. അതേപോലെ ‘സ്റ്റുഡന്‍റ്സ് എഗെയിന്‍സ്റ്റ് ഫാസിസം’ എന്ന പ്ലക്കാര്‍ഡുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗോല്‍പാര്‍ക്ക്, കോളേജ് സ്ട്രീറ്റ്, ഹാറ്റിബാഗന്‍, എസ്പ്ലാന്‍ഡ‍െ തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധിച്ചു. സന്ദർശനത്തിനിടെ പ്രധാനമന്ത്രി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ പൗരത്വനിയമം പിൻവലിക്കണം എന്ന് മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠം സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്തേക്ക് എത്തിയത്. തുടർന്ന് നാളെ കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ാം വാർഷികാഘോഷത്തിലും പങ്കെടുക്കും