പൗരത്വ നിയമ ഭേദ​ഗതി: വീടുകളിൽ ചെന്ന് പ്രയോജനങ്ങൾ ജനങ്ങളെ മനസ്സിലാക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു: അമിത് ഷാ

single-img
11 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദ​ഗതിയെക്കുറിച്ച് പ്രതിപക്ഷം വ്യാപകമായി പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ നിയമം രാജ്യത്തെ ജനങ്ങൾക്ക് പൗരത്വം നൽകുന്നതിനാണെന്നും അല്ലാതെ അപഹരിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ പൗരത്വ നിയമ ഭേദ​ഗതിയിലെ വ്യവസ്ഥകൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വീടുകൾ തോറുമുള്ള പ്രചാരണം നടത്താൻ ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ന് ഗാന്ധിനഗറിൽ ഗുജറാത്ത് പോലീസിന്റെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനുള്ള ചടങ്ങിൽ സംസാരിക്കവെയാണ് അമിത് ഷാ ഇങ്ങിനെ പറഞ്ഞത്.

നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പീഡനത്തിനിരയായ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയുടെ പൗരത്വം നൽകാനാണ് ഈ നിയമം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നടത്തുന്ന പ്രചരണം അവസാനിച്ചുകഴിഞ്ഞാൽ, രാജ്യത്തെ ജനങ്ങൾക്ക് പൗരത്വ നിയമ ഭേദ​ഗതിയുടെ പ്രാധാന്യം മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.