ബിസിസിഐ സെക്രട്ടറി പദവി: അമിത് ഷായുടെ മകന് അമിത് ഷായുടെ കാര്‍ബണ്‍ കോപ്പി എന്നല്ലാതെ എന്ത് യോഗ്യതയുണ്ട്: കനയ്യ കുമാര്‍

single-img
11 January 2020

ജെഎന്‍യുവില്‍ പഠിക്കാനായി എത്തുന്ന വിദ്യാർത്ഥികളുടെ യോഗ്യതയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടിയുമായി കനയ്യ കുമാര്‍. വിദ്യാര്‍ഥികളുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നവര്‍ ബിസിസിഐയുടെ സെക്രട്ടറിയാവാന്‍ മകനുള്ള യോഗ്യതയെന്താണെന്നും വ്യക്തമാക്കണമെന്ന്‍ കനയ്യ കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അമിത് ഷായുടെ കാര്‍ബണ്‍ കോപ്പി എന്നല്ലാതെ എന്ത് യോഗ്യതയാണ് ജയ് ഷായ്ക്കുള്ളത്. ഏത് വിധമാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായതെന്നും കനയ്യ ചോദിച്ചു.

പൌരത്വ നിയമത്തിനെതിരെയുള്ള സിറ്റിസണ്‍സ് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കനയ്യ. രാജ്യത്തെ വൈദ്യുതി പോലും കടന്നുചെല്ലാത്ത മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വളരെയധികം വെല്ലുവിളികള്‍ പിന്തള്ളിയാണ് ജെഎന്‍യുവിന്‍റെ പ്രവേശന പരീക്ഷകള്‍ പാസാകുന്നത്.

ഇത്തരത്തില്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യതയാണ് അവര്‍ ചോദ്യം ചെയ്യുന്നതെന്നും കനയ്യ കുമാര്‍ പറഞ്ഞു. മറുപടികള്‍ നല്‍കാന്‍ മാത്രമല്ല ചോദ്യങ്ങള്‍ ചോദിക്കാന്‍ കൂടി ജെഎന്‍യു പഠിപ്പിക്കുന്നതാണ് ലേന്ദ്രസര്‍ക്കാരിന് സര്‍വ്വകലാശാലയോടുള്ള പ്രശ്നമെന്നും കനയ്യ കുമാര്‍ പറഞ്ഞു.

ജനുവരി അഞ്ചാം തിയതി ജെഎന്‍യുവില്‍ നടന്ന ആക്രമണത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാര്യമായിപരിക്കേറ്റിരുന്നു. ഈ വിഷയത്തില്‍ ഒരുവാക്ക് പോലും സംസാരിക്കാതെ ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി എത്തിയ ബോളിവുഡ് നടി ദീപികാ പദുക്കോണിന്‍റെ സിനിമയെ ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കുന്നത് എന്തിനാണെന്നും കനയ്യ ചോദിച്ചു. അങ്ങിനെ അവര്‍ ചെയ്യുന്നു എങ്കില്‍ അതിന്റെ അര്‍ത്ഥം ക്യാമ്പസിനുള്ളില്‍ അക്രമം നടത്തിയത് അവരുടെ ആളുകളാണെന്ന് അവര്‍ക്കുള്ള ഉറച്ച ബോധ്യമാണെന്നും കനയ്യ പറഞ്ഞു.