പ്രധാനമന്ത്രി അദ്ദേഹത്തിൻറെയും പിതാവിന്റെയും ജനനസര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ട് മതി രാജ്യത്തെ പൗരന്മാരുടെ രേഖകള്‍ ചോദിക്കാന്‍: അനുരാഗ് കശ്യപ്

single-img
11 January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. സോഷ്യല്‍ മീഡിയയായ ട്വിറ്ററിലാണ് സംവിധായകന്റെ പ്രതികരണം. പ്രധാനമന്ത്രിക്ക് ഉണ്ടെന്നു പറയുന്ന പൊളിറ്റിക്കല്‍ സയന്‍സിലെ ഡിഗ്രി എവിടെ നിന്നാണ് നേടിയത് എന്ന് പറയാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി മോദി തന്റെ ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കണം. തുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവിന്റെയും കുടുംബത്തിന്റേതും കാണിക്കണം. എന്നിട്ട് മതി രാജ്യത്തെ പൗരന്മാരുടെ രേഖകള്‍ ചോദിക്കാന്‍- ട്വീറ്റില്‍ കശ്യപ് ആവശ്യപ്പെട്ടു. അതേപോലെ തന്നെ മോദി സാക്ഷരനാണോ എന്നാണ് ആദ്യം തെളിയിക്കേണ്ടത് എന്നും എന്നിട്ടാകാം സംസാരമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

‘സംസാരിക്കാന്‍ അറിയുമെങ്കില്‍ സര്‍ക്കാര്‍ സംഭാഷണത്തിന് വിളിക്കും. എന്നാല്‍ ഒരൊറ്റ ചോദ്യത്തെ പോലും അവര്‍ക്ക് അഭിമുഖീകരിക്കാന്‍ കഴിയില്ല. ഇത് ഒരു ഊമ സര്‍ക്കാറാണ്. മുന്‍പുണ്ടായ നോട്ടുനിരോധനം പോലെയാണ് സിഎഎയും. ഒന്നിലും ആസൂത്രണവും ഉള്‍ക്കാഴ്ചയും ഇല്ല – അദ്ദേഹം കുറിച്ചു.