20 കോടി രൂപ നഷ്ടപരിഹാരം വേണം; എംടി വാസുദേവൻ നായർക്ക് വക്കീൽ നോട്ടീസ് അയച്ച് വിഎ ശ്രീകുമാര്‍

single-img
10 January 2020

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകൻ വിഎ ശ്രീകുമാർ തിരക്കഥാ കൃത്തായ എം ടി വാസുദേവൻ നായർക്ക് വക്കീൽ നോട്ടീസ് അയച്ചു. എംടി കാരണം തനിക്ക് നഷ്ടമായത് കോടികളാണ് എന്നും ഇത് നികത്താൻ 20 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് നോട്ടീസിലെ ആവശ്യം.

സിനിമയുമായി ബന്ധപ്പെട്ട കരാർ ആദ്യം ലംഘിച്ചത് എംടി വാസുദേവൻ നായർ ആണെന്നും വക്കീല്‍ നോട്ടീസില്‍ ആരോപണമുണ്ട്. ഇപ്പോൾ സിനിമയുടെ തിരക്കഥ തിരിച്ചുനല്‍കണമെന്നാണ് എംടിയുടെ ആവശ്യം. മുൻപ് കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങുമെന്നായിരുന്നു എംടിയും വി.എ ശ്രീകുമാറുമായുള്ള ധാരണ.
പക്ഷെ നാല് വർഷം പിന്നിട്ടിട്ടും സിനിമയുമായി ബന്ധപ്പെട്ട ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം ടി സംവിധായകനും നിർമ്മാണ കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്.

സംഭവം വിവാദമായപ്പോൾ മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എം ടി വാസുദേവന്‍ നായര്‍ അനുനയത്തിന് തയ്യാറായില്ല. അത്പോലെ തന്നെ തർക്കം മധ്യസ്ഥ ചർച്ചയ്ക്ക് വിടണം എന്ന ശ്രീകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പിന്നീട് ഈ ആവശ്യവുമായി ശ്രീകുമാര്‍ സുപ്രിംകോടതിയെയും സമീപിച്ച സമയം തന്നെയാണ് ഇപ്പോൾ വക്കീല്‍ നോട്ടീസ് അയച്ചത്.