മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; സെല്‍ഫിയെടുക്കാനും ചിത്രം പകര്‍ത്താനും ആളുകളുടെ തിരക്ക്

single-img
10 January 2020

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സെല്‍ഫി പ്രേമികളുടെ കുത്തൊഴുക്കാണ് ഉണ്ടാവുന്നത്. ഫ്‌ളാറ്റ് നേരിട്ട് കാണാന്‍ അയല്‍ജില്ലകളില്‍ നിന്ന് പോലും നൂറ്കണക്കിനാളുകളാണ് ഇന്ന് മരടിലെത്തിയത്. എല്ലാവര്‍ക്കും സെല്‍ഫിയെടുക്കുകയും ഫ്‌ളാറ്റിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും വേണം. കുണ്ടന്നൂര്‍ തേവര പാലത്തിലൂടെ കടന്നുപോകുന്നവര്‍ പോലും ഒരു നിമിഷം നിര്‍ത്തി സെല്‍ഫി എടുത്താണ് മടങ്ങുന്നത്. ചിലര്‍ ഫേസ്ബുക്ക് ലൈവ് ചെയ്യുന്നതും കാണാം. കാറിലെ സഞ്ചാരികള്‍ അല്‍പ്പസമയം ഫ്‌ളാറ്റുകള്‍ക്ക് മുമ്പിലൂടെ വാഹനമൊന്ന് വേഗത കുറച്ച് നോക്കിയാണ് കടന്നുപോകുന്നത്. നാളെ രാവിലെയോടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാനും ആളുകളുടെ തിരക്ക് നേരിടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ആദ്യമായാണ് പരിസ്ഥിതി പ്രശ്‌നത്തിന്റെ പേരില്‍ ഒരു വന്‍കിട ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍പോകുന്നത്. എങ്ങിനെയായിരിക്കും ഫ്‌ളാറ്റ് തകര്‍ക്കല്‍ എന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. പൊളിഞ്ഞുവീഴും മുമ്പെ ഒരു ചിത്രമെങ്കിലും സൂക്ഷിച്ചേക്കാം എന്ന താല്‍പ്പര്യമാണ് ആളുകള്‍ക്ക്. നാളെ രാവിലെ പതിനൊന്ന് മണിയോടെ ഹോളിഫെയ്ത്താണ് ആദ്യം പൊളിക്കുക. തുടര്‍ന്ന് ആല്‍ഫയും ഞായറാഴ്ച കായലോരവും ജെയിന്‍ കോറാവലും സമാനരീതിയില്‍ പൊളിച്ചുനീക്കും.